രാഹുൽ​ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ

ഇൻഡോർ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഇൻഡോറിൽ എത്തിയ രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് അറസ്റ്റിലായി. നഗ്ദ പൊലീസാണ് ഇൻഡോർ ക്രൈംബ്രാഞ്ചിനെ ഈ വിവരം അറിയിച്ചത്.

ഇൻഡോർ ക്രൈംബ്രാഞ്ച് നഗ്ദ പൊലീസിന് ഇയാളുടെ ഫോട്ടോ അയച്ചുനൽകിയിരുന്നു. ഇതനുസരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയതും നഗ്ദ ബൈപാസ്സിൽ നിന്ന് ഇയാളെ പിടികൂടിയതും. ആധാർ കാർഡിലെ വിലാസമനുസരിച്ച് ഇയാൾ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നിന്നുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഇൻഡോർ പൊലീസ് വിശദമായി അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.

അതിനിടെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ പ്രവേശിക്കുന്നതിന് തൊട്ട് മുൻപ് മുഖ്യമന്ത്രി പദത്തെ ചൊല്ലി വീണ്ടും കലാപം. സർക്കാരിന്റെ കാലാവധി തീരാൻ ഒരു വർഷം മാത്രം ശേഷിക്കേ ഹൈക്കമാൻഡ് നൽകിയ വാഗ്ദാനം പാലിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. ഡിസംബർ വരെ കാക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിട്ടേക്കുമെന്ന സൂചനയും ശക്തമാണ്.

സച്ചിൻ പൈലറ്റ് ഉൾപ്പെടുന്ന ഗുർജർ വിഭാഗവും മുഖ്യമന്ത്രി പദത്തിനായി സമ്മർദ്ദം ശക്തമാക്കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഭാരത് ജോഡോ യാത്ര തടയുമെന്നാണ് മുന്നറിയിപ്പ്.ബിജെപിയുമായി ചേർന്ന് രണ്ട് വർഷം മുൻപ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണമുയർത്തിയാണ് സച്ചിൻ പൈലറ്റിന്റെ വഴിയടക്കാനുളള ഗലോട്ടിന്റെ ശ്രമം. മുഖ്യമന്ത്രിയാക്കാമെന്ന് സച്ചിന് ആരും വാക്ക് കൊടുത്തിട്ടില്ലെന്നും ഗലോട്ട് അവകാശപ്പെട്ടു.അതേ സമയം ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ അശോക് ഗലോട്ടിനുള്ളപ്പോൾ പ്രശ്‌നപരിഹാരം എഐസിസിക്ക് കീറാമുട്ടിയാണ്. അംഗബലമില്ലാത്ത സച്ചിൻ പൈലറ്റ് ഉയർത്തുന്ന ഭീഷണിയെ ഗൗരവമായി കാണേണ്ടെന്ന സന്ദേശമാണ് ഗലോട്ട് നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *