രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ലമെന്റിലേക്ക്

പാര്‍ലമെന്റില്‍ എത്തിയ രാഹുല്‍ഗാന്ധിക്ക് പ്രതിപക്ഷ എംപി മാരുടെ ആവേശ്വജല സ്വീകരണം. ലോക്സഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ട് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ലോകസഭയിലെത്തിയത്. അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ച് വിജ്ഞാപനം ഇറക്കിയത്. പാര്‍ലമെന്റ് കവാടത്തില്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ എംപിമാര്‍ രാഹുലിനെ സ്വാഗതം ചെയ്തു. പാര്‍ലമെന്റ് അങ്കണത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച ശേഷമാണ് രാഹുല്‍ പാര്‍ലമെന്റിനകത്തേക്ക് പ്രവേശിച്ചത്. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുല്‍ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാല്‍ മാത്രമേ രാഹുല്‍ ഗാന്ധിക്ക് സഭാ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. രാഹുല്‍ ഗാന്ധിക്കെതിരെ കോടതി വിധി വന്നതിന് പിന്നാലെ അയോഗ്യനാക്കിയ വേഗത പുനസ്ഥാപിക്കുന്നതില്‍ കാണുന്നില്ല എന്ന ആരോപണം ഉയരുന്നതിനിടെയാണ് അംഗത്വം പുനസ്ഥാപിച്ച് ഉത്തരവിറക്കിയത്. നാളെ നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ തിരക്കിട്ട നീക്കം. രണ്ട് ദിവസം മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസിലാക്കിയ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ചര്‍ച്ചകളില്‍ വേണമെന്നാണ് ഇന്ത്യ മുന്നണി നേതാക്കളുടെയും നിലപാട്. നിയമത്തിന്റെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടികള്‍ വൈകിപ്പിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടായിരുന്നു. അംഗത്വം പുനസ്ഥാപിച്ച് ശേഷം രാഹുല്‍ഗാന്ധി ലോകസഭയില്‍ എത്തിയതോടെ കൂടുതല്‍ ആവേശത്തിലാണ് പ്രതിപക്ഷ മുന്നണിയിലെ എംപിമാരും നേതാക്കളും. നരേന്ദ്രമോദി സര്‍ക്കാരിനെതിരായ നിലപാട് കൂടുതല്‍ കടുപ്പിക്കാന്‍ രാഹുലിന്റെ സാന്നിദ്ധ്യം കരുത്ത് പകരുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഏറെ നാള്ത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് രാഹുല്‍ ഗാന്ധി ലോകസഭയിലേക്ക് തിരിച്ച് വരുന്നത്. അപകീര്‍ത്തി കേസില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെയാണ് എംപിയായ രാഹുലിനെ ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അയോഗ്യനാക്കിയത്. പിന്നീട് സെഷന്‍സ് കോടതിയും ഗുജറാത്ത് ഹൈക്കോടതിയും ഉത്തരവ് ശരിവെച്ചിരുന്നു. ഈ വിധി വെള്ളിയാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പരമാവധി ശിക്ഷ നല്‍കാനുള്ള കാരണം എന്തായിരുന്നു എന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. 2019 തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടന്ന റാലിയില്‍, ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?’ എന്ന് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ബിജെപി എംഎല്‍എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 499, 500 പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പരമാവധി ശിക്ഷ നല്‍കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്ന രാഹുലിന്റെ അഭിഭാഷകരുടെ വാദം സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *