രാത്രി യാത്രാനിരോധനം; കേസ് അട്ടിമറിക്കാൻ നീക്കം; ദേശീയപാത സംരക്ഷണ സമിതി

കോഴിക്കോട് : ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞതിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയപാത സംരക്ഷണ സമിതി. കോഴിക്കോട് കൊല്ലേഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിൽ സുപ്രീം കോടതിയിലുള്ള കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. ആന ചരിഞ്ഞതിന് പിന്നാലെ രാത്രിയാത്രാ നിരോധനസമയം നീട്ടാൻ കർണ്ണാടക നീക്കം തുടങ്ങിയെന്ന അഭ്യൂഹങ്ങൾ വയനാട്ടിൽ വീണ്ടും ആശങ്ക വിതയ്ക്കുകയാണ്.

ഇക്കഴിഞ്ഞ 13ാം തീയതി രാത്രിയാണ് കോഴിക്കോട് കൊല്ലേഗൽ ദേശീയ പാതയിൽ ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ മൂലഹള്ള ചെക്ക്പോസ്റ്റിന് സമീപം ചരക്കുലോറിയിടിച്ച് ആന ചരിഞ്ഞത്. രാത്രി ഒൻപതുമുതൽ രാവിലെ ആറുവരെ രാത്രിയാത്രാ നിരോധനമുള്ള പാതയിലായിരുന്നു അപകടം. വന്യമൃഗങ്ങൾ അപടകത്തിൽപ്പെടുന്നത് പതിവായതോടെയാണ് 2009ൽ കർണാടക സർക്കാർ ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനെതിരെ വയനാട്ടിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പാതയടഞ്ഞത് വ്യാപാരവും, ടൂറിസവും ഉൾപ്പടെ ജില്ലയുടെ പല മേഖലകളെയും പ്രതികൂലമായി ബാധിച്ചു.

രാത്രിയാത്രാ നിരോധനത്തിൽ സുപ്രീം കോടതിയിലുള്ള കേസ് അട്ടിമറിക്കാൻ ഗൂഢനീക്കം നടക്കുന്നുവെന്നാണ് ദേശീയപാത സംരക്ഷണ സമിതിയുടെ ആരോപണം. ആന ചരിഞ്ഞതിന് പിന്നാലെ ദേശീയപാതയിലെ യാത്രാ വിലക്കിൻറെ സമയം നീട്ടാൻ കർണാടക നീക്കം തുടങ്ങിയെന്ന് അഭ്യൂഹങ്ങൾ പരക്കുകയാണ്. വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ യാത്രാ നിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കത്തയക്കുമെന്നായിരുന്നു ബന്ദിപ്പൂർ കടുവ സങ്കേതം ഡയറക്ടർ പ്രതികരണം. എന്നാൽ കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ കർണാടകയ്ക്ക് ഏകപക്ഷീയമായ തീരുമാനമെടുക്കാനാകില്ലെന്ന് ദേശീയപാത സംരക്ഷണ സമിതി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *