രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ കൈമാറി

തിരുവനന്തപുരം: രാജ് ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്ക് പണി വരുന്നു. മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ബിജെപി സംസ്ഥാന പ്രതിനിധി സംഘം ഗവർണർക്ക് കൈമാറി .
കേരളത്തിൽ സർക്കാർ ഗവർണർ പോര് അതിരൂക്ഷമാണ്. ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഗവർണറുടെ നയങ്ങൾക്കെതിരെ നവംബർ 15ന് ഒരുലക്ഷത്തോളം പേരെ അണിനിരത്തി രാജ്ഭവൻ മാർച്ച് നടത്തിയിരുന്നു. എന്നാലിപ്പോൾ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ബിജെപി സംസ്ഥാന പ്രതിനിധി സംഘം രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറി.

സെക്രട്ടേറിയേറ്റ് ജീവനക്കാരെ രാജ്ഭവൻ മാർച്ചിൽ പങ്കെടുപ്പിക്കാൻ നേരത്തെ ശ്രമം നടന്നിരുന്നു. ഇക്കാര്യം യു ടോക്ക് ആണ് പുറത്തു കൊണ്ടു വന്നത്. ഇതിനു വേണ്ടി വാഹന സൗകര്യവും ഏർപ്പെടുത്തി. ഗവർണർക്കെതിരെയുള്ള നോട്ടിസും സെക്രട്ടേറിയേറ്റ് ജീവനക്കാർക്കിടയിൽ വിതരണം ചെയ്തു. സെക്രട്ടേറിയേറ്റിലെ ഇടതുപക്ഷ സർവീസ് സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനാണ് നോട്ടിസ് വിതരണം നടത്തിയത്. രാജ്ഭവനിലേക്കുള്ള പ്രതിഷേധത്തിൽ ജീവനക്കാർ പങ്കെടുക്കാൻ പാടില്ല എന്ന അറിയിപ്പ് നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിലെ ബി.ജെ.പി സംഘടന കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് സംഘ് ചീഫ് സെക്രട്ടറിയെ സമീപിച്ചിരുന്നു. ഗവർണർക്കെതിരെയുള്ള രാഷ്ട്രിയ നോട്ടിസ് ജീവനക്കാർക്കിടയിൽ വിതരണം ചെയ്തതിന് സെക്രട്ടേറിയേറ്റിലെ ഇടതു സംഘടനയുടെ ജനറൽ സെക്രട്ടറി, പ്രസിഡണ്ട് എന്നിവർക്കെതിരെ നടപടി എടുക്കണമെന്നും സംഘ് ജനറൽ സെക്രട്ടറി അജയകുമാർ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *