രാജ്യവ്യാപക മോക്ഡ്രില്‍ ഇന്ന്

ന്യൂഡൽഹി: മറ്റു രാജ്യങ്ങളില്‍ കേസുകള്‍ കൂടുന്നതുമായി ബന്ധപ്പെട്ട് കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ രാജ്യവ്യാപക മോക്ഡ്രില്‍ ഇന്ന്. ഓക്‌സിജന്‍ പ്ലാന്റ്, വെന്റിലേറ്റര്‍ സൗകര്യം, നിരീക്ഷണ വാര്‍ഡുകള്‍, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനാണ് മോക് ഡ്രില്‍ സംഘടിപ്പിക്കുന്നത്.

രാജ്യത്തെ കൊവിഡ് ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. അതത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ മോക്ഡ്രിലിന് മേല്‍നോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവിയ നിര്‍ദ്ദേശിച്ചു. രാജ്യത്ത് ഇതുവരെ വിദേശത്തുനിന്ന് വന്ന ഏഴു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്.

കൂടാതെ കൊവിഡ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ തടയുന്നതില്‍ മുന്‍കൈയെടുക്കണെമെന്ന് ഡോക്ടര്‍മാരോട് കേന്ദ്ര ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡ് മുന്നണി പോരാളികളുടെ സഹകരണം തുടരണമെന്നും ഐഎംഎ അംഗങ്ങളുമായി നടത്തിയ യോഗത്തില്‍ മന്ത്രി മന്‍സുഖ് മാണ്ഡവിയ പറഞ്ഞു. മാസ്‌കും, സാമൂഹിക അകലവും ഉള്‍പ്പടെ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത് ഇതുവരെ വിദേശത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബിഹാറിലെ ഗയ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളിലെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടന്‍, മ്യാന്‍മാര്‍, തായ്ലന്‍ഡ് , മലേഷ്യ, ദുബായി എന്നിവിടങ്ങളില്‍ നിന്നുമാണ് രോഗികളെത്തിയത്. ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *