രാജ്ഭവൻ മാർച്ച്; ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ. സെക്രട്ടേറിയേറ്റിലെ ഇടതുപക്ഷ സംഘടനയിലെ 7 ഉന്നത ഉദ്യോഗസ്ഥർ സമരത്തിൽ പങ്കെടുത്തതിന് തെളിവായി ഇവരുടെ വിഡിയോയും ഫോട്ടോയും അടക്കം ബി.ജെ.പി നേതാക്കൾ ഗവർണർക്ക് പരാതി നൽകിയിരുന്നു.

ചീഫ് സെക്രട്ടറിക്കും ബി ജെ പി ജില്ലാ നേതൃത്വം പരാതി നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥർക്ക് എതിരെ എന്തു നടപടിയെടുത്തെന്ന് അറിയിക്കാൻ ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രിയ പാർട്ടികളുടെ പരിപാടികളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുത് എന്നാണ് ചട്ടം. വിഡിയോയും ഫോട്ടോയും തെളിവ് കിട്ടിയ സ്ഥിതിക്ക് ഇവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി നിർബന്ധിതനാവും. ഏഴു പേരോടും വിശദീകരണം ചോദിക്കുകയാണ് ചീഫ് സെക്രട്ടറിയുടെ ആദ്യ നടപടി.

തെളിവ് ഉള്ള സ്ഥിതിക്ക് ചീഫ് സെക്രട്ടറി ഇവരെ സസ്പെൻഡ് ചെയ്യും. സംസ്ഥാന ഭരണത്തലവനായ ഗവർണർക്കെതിരെയാണ് ഉദ്യോഗസ്ഥർ സമരം ചെയ്തതു എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ഗവർണർ നിലപാട് എടുത്താൽ ജോലി നഷ്ടപ്പെട്ടേക്കും. ചട്ടലംഘനം വ്യക്തമായിരിക്കെ കോടതിയിൽ പോയാലും ഉദ്യോഗസ്ഥർക്ക് തിരിച്ചടി ഉണ്ടാകും.

സെക്രട്ടേറിയേറ്റിലെ ഇടത് പക്ഷ സംഘടന പ്രസിഡണ്ടും അഡീഷണൽ സെക്രട്ടറിയുമായ പി. ഹണി, ജനറൽ സെക്രട്ടറിയും സെക്ഷൻ ഓഫിസറുമായ അശോക് കുമാർ , പൊതുഭരണവകുപ്പിലെ കവിത, കല്ലുവിള അജിത്, ബി. ഷേർലി, ശിവകുമാർ ധനവകുപ്പിലെ നാസർ, എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്ന ഫോട്ടോയും വിഡിയോയും ആണ് ചീഫ് സെക്രട്ടറിയുടേയും ഗവർണറുടേയും കയ്യിൽ ഉള്ളത്. 4000o രൂപ മുതൽ 1.50 ലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കുന്നവരാണ് ഈ ഉദ്യോഗസ്ഥരിൽ മിക്കവരും . സെക്രട്ടേറിയേറ്റിൽ ജോലിക്ക് കയറാൻ പഞ്ച് ചെയ്ത ശേഷമാണോ ഇവർ സമരത്തിന് പോയതെന്നും ഗവർണർ ചോദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *