യുക്രൈനില്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കവെ വികാരാധീനനായി പോപ്പ് ഫ്രാന്‍സിസ്

വത്തിക്കാന്‍ സിറ്റി: യുക്രൈനില്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കവെ വികാരാധീനനായി പോപ്പ് ഫ്രാന്‍സിസ്. ക്രിസ്തുമസ് കാലത്ത് പരിശുദ്ധ മേരിയുടെ പ്രതിമയില്‍ നടത്തുന്ന വെഞ്ചരിപ്പിനായി എത്തിയ പോപ്പ് യുക്രൈന് വേണ്ടി പ്രാര്‍ത്ഥിക്കവെയാണ് വിങ്ങിപ്പൊട്ടിയത്.

യുക്രൈനെക്കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ പോപ്പ് വികാരാധീനനായി. സംസാരിക്കാനാകാതെ വിതുമ്പിയ അദ്ദേഹത്തോട് ഇനി അങ്ങ് ഒന്നും സംസാരിക്കണ്ട എന്ന് അവിടെ തടിച്ച് കൂടിയ ജനം പറഞ്ഞു. ആയിരക്കണക്കിന് ഉന്നത വ്യക്തികളും പുരോഹിതന്‍മാരും സാധാരണക്കാരും അണിനിരന്ന വേദിയിലാണ് പോപ്പ് വിതുമ്പിയത്.

യുക്രൈനില്‍ സമാധാനമുണ്ടാകട്ടെയെന്ന് ജഗദീശ്വരനോട് പ്രാര്‍ത്ഥിച്ച അദ്ദേഹം അല്‍പ്പനേരം നിശബ്ദനായി നിന്ന ശേഷം വീണ്ടും പ്രാര്‍ത്ഥന തുടര്‍ന്നു. അവിടുത്തെ ജനങ്ങള്‍ ഏറെ ദുഃഖത്തിലാണ്. അവിടുത്തെ കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും യുവാക്കളുടെയും പ്രാര്‍ത്ഥന അവിടുന്ന് കേള്‍ക്കാതെ പോകരുത്. പോപ്പ് വിശുദ്ധ മേരിക്ക് മുന്നില്‍ തന്റെ ദുഃഖം തുറന്ന് കാട്ടി. യുക്രൈനിലെ ജനതയുടെ പരാജയം മാനവരാശിയുടെ മൊത്തം പരാജയമാണെന്നും പോപ്പ് ചൂണ്ടിക്കാട്ടി.

റോമിലെ മേയര്‍ റോബര്‍ട്ടോ ഗുല്‍ത്തേരി അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. ഇറ്റലിയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത് വിശുദ്ധ മേരിയുടെ പ്രാര്‍ത്ഥന ചടങ്ങുകളോടെയാണ്. പ്രാര്‍ത്ഥനയ്ക്ക് ശേഷം അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും പോപ്പ് ആശംസകള്‍ നേര്‍ന്നു,

പോപ്പ് ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന വേദികളിലെല്ലാം തന്നെ യുക്രൈനെക്കുറിച്ച് സംസാരിക്കാറുണ്ട്. റഷ്യയെ കണക്കിന് വിമര്‍ശിക്കുകയും ചെയ്യും. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇരുപത് ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ നാസി പ്രവര്‍ത്തനങ്ങളോടാണ് അദ്ദേഹം യുക്രൈനിലെ സംഘര്‍ഷത്തെ ഉപമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *