യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ഇന്ന് ഒരു വർഷം

കീവ്: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ഇന്ന് ഒരു വർഷം. റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ യുക്രൈൻ നാഷണൽ ബാങ്ക് ഗവർണർ ആൻഡ്രി ഫിഷനി പുതിയ യുക്രൈൻ കറൻസി പുറത്തിറക്കി. സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ.

റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിൽ യുക്രൈൻ കേന്ദ്ര ബാങ്ക് സ്മരണികയായി 20 റിവ്‌നിയ നോട്ട് പുറത്തിറക്കി. യുക്രൈൻ പതാക ഏന്തിയ മൂന്ന് സൈനികരുടെ ചിത്രമാണ് നോട്ടിന്റെ ഒരു വശത്ത് ആലേഖനം ചെയ്തിരിക്കുന്നത്. റഷ്യയുടെ യുദ്ധക്കുറ്റങ്ങളെ സൂചിപ്പിച്ച് ബന്ധിച്ചിരിക്കുന്ന കൈകളാണ് മറുവശത്തുള്ളത്. ഉക്രൈൻ അതിർത്തിയിൽ മാസങ്ങൾ നീണ്ട സൈനിക അഭ്യാസത്തിനുശേഷം 2022 ഫെബ്രുവരി 24 ആയിരുന്നു റഷ്യൻ സൈന്യം യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. ഒരു വർഷമായി തുടരുന്ന യുദ്ധത്തിൽ 43,000 പേർ മരിക്കുകയും 57000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 15,000 പേരെ കാണാതായി . 35 ലക്ഷം കോടി ഡോളറിന്റെ നാശനഷ്ടം ഉണ്ടായി.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏറ്റവും കൂടുതൽ കാലം നീണ്ട ഈ യുദ്ധം ലോകത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കി. ഇന്ധന വിലവർധനയിലും ഭക്ഷ്യ ക്ഷാമത്തിലും വിലക്കയറ്റത്തിലും ലോകം നട്ടംതിരിയുന്ന അവസ്ഥ സൃഷ്ടിച്ചു. യുക്രൈനിലെ പ്രമുഖ തുറമുഖ നഗരമായ മരിയുപോളിലുണ്ടായ ഷെല്ലാക്രമണത്തോടെയാണ് യുദ്ധത്തിന്റെ തുടക്കം. യുക്രൈനിൽ റഷ്യ പ്രത്യേക സൈനിക ഓപ്പറേഷൻ ആരംഭിച്ചു എന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുട്ടിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഖർകീവ്, ഒടേസ, കീവ് തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ റഷ്യൻ മിസൈൽ പതിച്ചു . കീവിലെ സൈനിക ആസ്ഥാനവും, ബോറിസ്പിൽ വിമാനത്താവളവും മിസൈൽ ആക്രമണത്തിൽ വിറച്ചു. റഷ്യൻ പോർ വിമാനങ്ങൾ ഉക്രൈന്റെ നിപ്രോ സൈനിക താവളങ്ങൾ തകർത്തു .

നാറ്റോയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും സഹായത്തോടെ ഒരു വർഷമായി യുക്രൈൻ ശക്തമായ ചെറുത്ത് നിൽപ്പ് തുടരുകയാണ്. റഷ്യൻ സ്വയംഭരണപ്രദേശമെന്ന് പ്രസിഡന്റ് പുട്ടിൻ പ്രഖ്യാപിച്ച മേഖലകളിൽ നിന്ന് റഷ്യൻ പട്ടാളക്കാരെ തുരത്തുന്നതിൽ യുക്രൈൻ വിജയിച്ചു. ചൈനയുടെ പിൻബലത്തോടെ റഷ്യ യുദ്ധം തുടരുമ്പോൾ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെ ലോക നേതാക്കളെ യുക്രൈന്റെ മണ്ണിൽ എത്തിച്ച് സെലൻസ്‌കിയും ചെറുത്തുനിൽപ്പ് തുടരുന്നു. യുദ്ധം ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ആക്രമണം കൂടുതൽ കടുപ്പിക്കാനാണ് റഷ്യ ഒരുങ്ങുന്നത്. ലോകരാജ്യങ്ങളുടെ സഹായത്തോടെ അതിജീവനത്തിനായി ചെറുത്തുനിൽപ്പ് തുടരുമെന്ന് യുക്രൈൻ പ്രസിഡണ്ട് സെലൻസ്‌കി വ്യക്തമാക്കി . ഇതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ യുക്രൈൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *