യുക്രെയ്ൻ ആശുപത്രിയിൽ ആക്രമണം; ചോരക്കുഞ്ഞിന് ദാരുണാന്ത്യം

കീവ്: തലസ്ഥാന നഗരത്തിലുൾപ്പെടെ യുക്രെയ്നിൽ റഷ്യ വ്യോമാക്രമണം ശക്തമാക്കി. സപൊറീഷ നഗരത്തിനു സമീപമുള്ള വിൽനിയാൻസ്കിലെ ആശുപത്രിയിൽ മിസൈൽ പതിച്ച് രണ്ട് ദിവസം മാത്രം പ്രായമുളള കുഞ്ഞ് മരിച്ചു. അമ്മയെയും ആശുപത്രി ജീവനക്കാരെയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ പുറത്തെടുത്തു.

കീവിൽ മിസൈൽ ആക്രമണത്തിൽ ഇരുനിലക്കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. നഗരത്തിൽ വൈദ്യുതിയും ജല വിതരണവും നിലച്ചു. വൈദ്യുതിയില്ലാതെ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി.

ഇതിനിടെ, ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്ന രാജ്യമായി റഷ്യയെ മുദ്രകുത്താൻ യൂറോപ്യൻ‌ പാർലമെന്റ് തീരുമാനിച്ചു. ഊർജനിലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, അഭയകേന്ദ്രങ്ങൾ തുടങ്ങിയവയെ ലക്ഷ്യമിടുന്നതിലൂടെ രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയുള്ള പ്രതീകാത്മക നടപടിയാണിത്.

ബ്രിട്ടൻ ഇതാദ്യമായി പൈലറ്റുൾപ്പെടെ മൂന്ന് ഹെലികോപ്റ്ററുകൾ യുക്രെയ്നിലേക്ക് അയയ്ക്കുകയാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂണിയൻ 250 കോടി യൂറോ അനുവദിച്ചു. യുഎസിൽനിന്നുള്ള സഹായമായി 450 കോടി ഡോളർ വരും ആഴ്ചകളിലായി ലഭിക്കും.

ഇതിനിടെ യുക്രെയ്ൻ ജനത ഇന്നനുഭിക്കുന്ന ദുരിതങ്ങൾ 1930 കളിൽ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിൻ സൃഷ്ടിച്ച പട്ടിണിദുരിതങ്ങൾക്കു സമാനമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. 90 കൊല്ലം മുൻപു യുക്രെയ്നിൽ 30 ലക്ഷം പേർ മരിച്ചു വീണ ദുരന്തത്തിനു പിന്നിൽ കൃഷിഭൂമി പിടിച്ചെടുക്കാനുള്ള സ്റ്റാലിന്റെ തീരുമാനമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *