മ്യാൻമറിലെ ബുദ്ധവിഹാരത്തിൽ കൂട്ടക്കൊല: 22 മരണം

ബാങ്കോക്ക്: മ്യാൻമറിലെ ഷാൻ സംസ്ഥാനത്തെ നാൻ നെയ്ന്റ് ബുദ്ധ വിഹാരത്തിൽ മൂന്ന് ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 22 പേർ വെടിയേറ്റു മരിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവം പട്ടാള ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് പ്രവാസി ദേശീയ സർക്കാർ ആരോപിച്ചു. എന്നാൽ, സേന ആരെയും വധിച്ചിട്ടില്ലെന്ന് പട്ടാള ഭരണകൂടത്തിന്റെ വക്താവ് സാ മിൻ പറഞ്ഞു. വിമത ഗ്രൂപ്പുകളുടെ ആക്രമണത്തിലാകാം ആളുകൾ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധവിഹാരത്തിനുള്ളിലാണ് എല്ലാ മൃതദേഹങ്ങളും കിടന്നിരുന്നത്. വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കെഎൻഡിഎഫ്, കെആർയു വിമത പോരാളി സംഘങ്ങളുടെ ആക്രമണവും അവരെ നേരിടുന്നതിനായി സർക്കാർ സേനയുടെ പ്രത്യാക്രമണവും രണ്ടാഴ്ചയായി നാൻ നെയ്ന്റിൽ നടക്കുന്നുണ്ട്.

2021 ഫെബ്രുവരിയിൽ ഓങ് സാൻ സൂച്ചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിച്ച പട്ടാളം ഭരണം പിടിച്ചശേഷം മ്യാൻമർ സംഘർഷഭരിതമാണ്. ജനകീയ പ്രക്ഷോഭങ്ങളിൽ മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടു. സൂച്ചിയും മറ്റു നേതാക്കളും തടവറയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *