മോദിക്കെതിരെ ബിലാവൽ; പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രിമാർ

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിവാദ പരാമർശവുമായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഇതിനെതിരെ സർക്കാരും ബിജെപി നേതാക്കളും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.

ലോകം പാക്കിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞതിനോടായിരുന്നു ബിലാവലിന്റെ പരിധിവിട്ട പരാമർശം.

ഒസാമ ബിൻ ലാദന് ആതിഥ്യം അരുളുകയും അയൽരാജ്യത്തിന്റെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിനു രക്ഷാസമിതിക്കു മുൻപിൽ ധർമോപദേശം നടത്താൻ യോഗ്യതയില്ലെന്നും ജയ്ശങ്കർ പറഞ്ഞിരുന്നു. ‘‘ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’’ എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ കുറ്റപ്പെടുത്തൽ. പാക്കിസ്ഥാൻ പിന്നെയും തരംതാഴുന്നതിന്റെ തെളിവാണു ബിലാവലിന്റെ പ്രസ്താവനയെന്നു വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.

‘‘പാക്കിസ്ഥാൻ പിന്നെയും തരംതാഴുകയാണ്. 1971ലെ ഈ ദിവസങ്ങൾ പാക്ക് വിദേശകാര്യ മന്ത്രി തീർച്ചയായും മറന്നിരിക്കും. പാക്കിസ്ഥാനിലെ ബംഗാളികൾക്കും ഹിന്ദുക്കൾക്കും എതിരെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വംശഹത്യ നടന്നത് ഈ ദിവസങ്ങളിലാണ്. നിർഭാഗ്യവശാൽ, ന്യൂനപക്ഷങ്ങളോടുള്ള പാക്ക് മനോഭാവത്തിൽ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. സ്വയം യോഗ്യത നഷ്ടപ്പെടുത്തിയാണ് അവർ ഇന്ത്യയ്ക്കെതിരെ അധിക്ഷേപം ചൊരിയുന്നത്. പാക്ക് വിദേശകാര്യ മന്ത്രിയുടേത് ‘അപരിഷ്കൃത പൊട്ടിത്തെറിക്കലാണ്’.

ന്യൂയോർക്ക്, മുംബൈ, പുൽവാമ, പത്താൻകോട്ട്, ലണ്ടൻ തുടങ്ങിയവ പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്നതും പിന്തുണയ്ക്കുന്നതുമായ ഭീകരതയുടെ മുറിവുകളേറ്റ നഗരങ്ങളാണ്. ഭീകരതയെ ലോകമാകെ കയറ്റി അയയ്ക്കുകയാണ്. ‘മെയ്ക്ക് ഇൻ പാക്കിസ്ഥാൻ’ ഭീകരത അവസാനിപ്പിക്കേണ്ടതാണ്.’’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ‘‘പാക്ക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന പാപ്പരത്തമുള്ള ആ രാജ്യത്തെ മാത്രമല്ല, അദ്ദേഹത്തിന്റെ മാനസിക പാപ്പരത്തത്തെയും പ്രതിനിധീകരിക്കുന്നു. പരാജയപ്പെട്ട രാജ്യത്തിന്റെ, പരാജയപ്പെട്ട നേതാവാണ് അദ്ദേഹം. തീവ്രവാദ മനസ്സുള്ളവരിൽനിന്നു മറ്റെന്താണു പ്രതീക്ഷിക്കുക?’’– കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *