മോഡൽ കൂട്ടബലാത്സം​ഗത്തിനിരയായ സംഭവം; കൂടെ ഉണ്ടായിരുന്ന യുവതി ഒഴിഞ്ഞുമാറിയെന്ന് സംശയം

കൊച്ചി: കാസർകോട് സ്വദേശിനിയായ മോഡൽ പീഡനത്തിനിരയായ സംഭവം. പത്തൊൻപതുകാരിയുടെ കൂടെയുണ്ടായിരുന്ന യുവതി കാറിൽ കയറാതെ ഒഴിഞ്ഞു മാറിയതാണെന്ന് സംശയം. ബാറിൽ വെച്ച് ബോധരഹിതയായി വീണ യുവതിയെ മൂന്നു യുവാക്കളും ചേർന്നു കാറിൽ കയറ്റി കൊണ്ടുപോകുമ്പോൾ കൂടെയുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശിനി മനഃപൂർവം ഒഴിഞ്ഞുമാറിയതാണെന്നാണ് പോലീസ് കരുതുന്നത്.

കൊച്ചി നഗരത്തിൽ പലയിടങ്ങളിലായി കറങ്ങിയ കാറിൽ ക്രൂരമായ പീഡനത്തിനിരയാക്കി എന്നാണു യുവതി പോലീസിന് മൊഴി നൽകിയിട്ടുള്ളത്. പിന്നീട് യുവതിയുടെ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ബാറിൽ വെച്ച് ബോധരഹിതയായ യുവതിയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് കാറിൽ കയറ്റി കൊണ്ടുപോയത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന യുവതി കാറിൽ കയറാതെ ഒഴിഞ്ഞു മാറി. ഈ യുവാക്കളും ഒപ്പമുണ്ടായിരുന്ന യുവതിയും ചേർന്നാണ് മോഡലിനെ കാക്കനാട്ടെ വീട്ടിലെത്തി എം ജി റോഡിലുള്ള ഡാൻസ് ബാറിലേക്ക് കൊണ്ടുപോയത്. പീഡനത്തിനിരയായ യുവതിയുടെ സുഹൃത്താണ് കഴിഞ്ഞ ദിവസം രാവിലെ വിവരം പൊലീസിനെ അറിയിച്ചത്.

ഇൻഫോ പാർക്ക് പൊലീസിനു ലഭിച്ച പരാതി മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവം നടന്ന സ്ഥലം ഉൾപ്പെട്ട എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഇതിനിടെ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാക്കൾ ബാറിൽ നൽകിയിരുന്ന വിലാസവും തെറ്റാണെന്ന് കണ്ടെത്തി. പിന്നീട് കൂടെയുണ്ടായിരുന്ന യുവതിയെ കണ്ടെത്തി ചോദ്യം ചെയ്ത ശേഷമാണ് യുവാക്കളെ പറ്റിയുള്ള വിവരം ലഭിച്ചത്. ഈ യുവതി ഉൾപ്പെടെ നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയെ പോലീസ് പിന്നീട് കളമശേരി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *