മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി

നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ തയ്യാറായി. ‘സേഫ് കേരള’ പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്.

ഏകദേശം ‌25 ലക്ഷം രൂപ മുടക്കിയാണ് അത്യാധുനിക ഇന്റർസെപ്റ്ററുകൾ നിർമിച്ചത്. ആൽക്കോമീറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും വാഹനത്തിൽ. മദ്യപിച്ച് വാഹനമോടിച്ച് പടിക്കപ്പെട്ടാല്‍ അപ്പോൾ തന്നെ രക്തത്തിൽ മദ്യത്തിന്റെ അളവും ആളുടെ പടവും അടക്കം പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി കോടതിയിൽ പിന്നീട് ഉപയോഗിക്കുകയും ചെയ്യാം.

കൂടാതെ ഒന്നര കിലോമീറ്റർ വരെ ദൂര പരിധിയുള്ള റെഡാർ, 180 ഡിഗ്രി വൈഡ് ആംഗിൾ വിഡിയോ ക്യാമറ, ഹെഡ്‌ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്സ് മീറ്റർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. കൂടാതെ ഇന്റർസെപ്റ്ററെ കണ്ടിട്ട് നിർത്താതെ പോകുന്ന വാഹനങ്ങളെ കരമ്പട്ടികയിൽ പെടുത്തും. ‌

അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുണ്ടാവുക. നിര്‍മിതബുദ്ധിയുള്ള ക്യാമറകള്‍ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവോ അതേ മാതൃകയിലാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.

റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങള്‍ക്ക് ഓടാവുന്ന വേഗം പുതുക്കി നിര്‍ണയിച്ചിട്ടുണ്ട്. ഇത് മാനദണ്ഡമാക്കിയാകും പിഴയീടാക്കുക. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കും. വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് നേരിട്ട് പിഴയീടാക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *