മേഘാലയ, നാഗാലാന്‍ഡ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ 7 നും 8നും

ന്യൂഡൽഹി: മേഘാലയ, ത്രിപുര, നാഗാലാന്‍ഡ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ 7 നും 8നും നടക്കും. മൂന്നിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കും.

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കാവല്‍ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മയെ ഗവര്‍ണര്‍ ക്ഷണിച്ചു. ബിജെപിയുടെയും എച്ച്എസ്പിഡിപിയുടെയും രണ്ടു വീതം എംഎല്‍എമാര്‍ ഉള്‍പ്പെടെ 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നു സാങ്മ പറഞ്ഞു. അതേസമയം, എന്‍പിപി-ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ യുഡിപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒരുമിച്ചതു രാഷ്ട്രീയ അനിശ്ചിതത്വത്തിനു കാരണമായിട്ടുണ്ട്. 2 എംഎല്‍എമാരുള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സാങ്മയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതാണു വഴിത്തിരിവായത്. എന്നാല്‍, 2 എംഎല്‍എമാരും തങ്ങള്‍ക്കൊപ്പമാണന്നു എന്‍പിപി അവകാശപ്പെട്ടു.

60 അംഗ നിയമസഭയില്‍ 59 എണ്ണത്തിലാണു തിരഞ്ഞെടുപ്പ് നടന്നത്. എന്‍പിപിക്ക് 26 സീറ്റുണ്ട്; ബിജെപിക്ക് രണ്ടും. എച്ച്എസ്പിഡിപിയുടെ 2 എംഎല്‍എമാരും സ്വതന്ത്രരും ഉള്‍പ്പെടെ 32 പേരുടെ പിന്തുണയുണ്ടെന്നു സാങ്മ ഗവര്‍ണറെ കണ്ട് അറിയിച്ചു. എന്‍പിപി-ബിജെപി സര്‍ക്കാരിനെ പിന്തുണക്കുന്നതില്‍ നിന്ന് എച്ച്എസ്പിഡിപിഎം എംഎല്‍എമാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് അണികളുടെ പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടി എംഎല്‍എ മെത്തോഡിയസ് ധറിന്റെ ഷില്ലോങ്ങിലെ ഓഫിസ് പാര്‍ട്ടിക്കാര്‍തന്നെ തീയിട്ടു.

അതിനിടെ, മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെ നേതൃത്വത്തില്‍ തൃണമൂല്‍, യുഡിപി, കോണ്‍ഗ്രസ്, എച്ച് എസ് പിഡിപി തുടങ്ങി 6 പാര്‍ട്ടികളുടെ സംയുക്തയോഗം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തി. 31 എം എല്‍എമാരുടെ പിന്തുണയുണ്ടെന്ന് യുഡിപി പ്രസിഡന്റ് മെത്ത്ബാ ലിങ്‌ദോ പറഞ്ഞു. യുഡിപിക്ക് 11 എം എല്‍എമാരുണ്ട്. കോണ്‍ഗ്രസിനും തൃണമൂലിനും 5 വീതവും. സാങ്മയുടെ കക്ഷിയിലെ വിമത എം എല്‍എമാരെ രംഗത്തിറക്കാന്‍ ശ്രമമുണ്ടെങ്കിലും ഇതു വിജയിക്കാന്‍ സാധ്യത കുറവാണ്.

നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുടെ നെയ്ഫ്യു റിയോ അഞ്ചാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സഖ്യകക്ഷിയായ ബിജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. ത്രിപുരയില്‍ മുഖ്യമന്ത്രിയാര് എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിലവിലുള്ള മുഖ്യമന്ത്രി മണിക് സാഹ തുടരുന്നില്ലെങ്കില്‍ കേന്ദ്ര സഹമന്ത്രി പ്രതിമാ ഭൗമിക്കിന് അവസരം ലഭിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *