മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

കൊഹിമ: നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷയില്‍ ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ തുടരും. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

മൂന്നു സംസ്ഥാനങ്ങളിലെ മൂന്ന് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. തമിഴ്‌നാട്ടിലെ ഈറോഡ് ബംഗാളിലെ സാഗര്‍ദിഗി, ഝാര്‍ഖണ്ഡിലെ രാംഗഢ് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. ഈറോഡിലും സാഗര്‍ദിഗിയിലും സിറ്റിങ് എംഎല്‍എയുടെ മരണത്തെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാംഗഢില്‍ സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എയെ അയോഗ്യനാക്കിയിരുന്നു.

ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, കോണ്‍റാഡ് സാങ്മയുടെ എന്‍പിപി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോണ്‍റാഡ് സാങ്മയുടെ എന്‍പിപിയുമായുള്ള ഭിന്നതയെ തുടര്‍ന്ന് ബിജെപി ഒറ്റയ്ക്കു മത്സരിക്കുന്നു. 2018ല്‍ ബിജെപിക്ക് രണ്ടു സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എന്‍പിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരില്‍ സാങ്മയുടെ പാര്‍ട്ടിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയുടെയും മറ്റ് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരുടെയും കൂറുമാറ്റത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂല്‍ മാറിയിരുന്നു.

നാഗാലാന്‍ഡിലെ 60 നിയമസഭാ മണ്ഡലങ്ങളില്‍ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ല്‍ സംസ്ഥാനത്തെ 60 സീറ്റുകളില്‍ 12ലും വിജയിച്ച ബിജെപി എന്‍ഡിപിപിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാര്‍ പ്രകാരം എന്‍ഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.നാഗാലാന്‍ഡില്‍ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിര്‍ സ്ഥാനാര്‍ഥി സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതിനെത്തുടര്‍ന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷമായ കോണ്‍ഗ്രസ് 23 സീറ്റിലും നാഗാ പീപ്പിള്‍സ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാര്‍ഥികളും ഇത്തവണ നാഗാലാന്‍ഡില്‍ മത്സരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *