മെംബറുടെ ‘കൈ’ വിട്ട കളിക്ക് അയോഗ്യത; ചാണകം തളിച്ച് യുഡിഎഫ്

മുന്നണിയില്‍നിന്ന് മറുകണ്ടം ചാടിയ പ്രസിഡന്റ് അയോഗ്യയാക്കപ്പെട്ടതോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ചാണകവെള്ളം തളിച്ച് യുഡിഎഫ്. യുഡിഎഫ് ബ്ലോക്ക് അംഗങ്ങളും, പ്രവര്‍ത്തകരും ചേര്‍ന്നാണ് ചാണകവെള്ളം തളിച്ച് ആഹ്ലാദപ്രകടനം നടത്തിയത്. കൂറുമാറി എല്‍ഡിഎഫിലെത്തിയ ജി.ജി.സജിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിച്ചത്. കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് ജിജി സജി മത്സരിച്ചതും വിജയിച്ചതും. തുടര്‍ന്ന് ജിജിയുള്‍പ്പെടെയുള്ളവരുടെ പിന്തുണയില്‍ ബ്ലോക്കില്‍ യുഡിഎഫ് ഭരണസമിതി അധികാരമേറ്റു. പിന്നീട് ജി.ജി.സജി എല്‍ഡിഎഫിലേക്ക് ചുവടുമാറുകയും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുകയുമായിരുന്നു. പിന്നാലെ ജിജിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ശേഷമാണ് കൂറുമാറ്റനിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജിജിയുടെ അംഗത്വം റദ്ദാക്കിയത്.

കോന്നി എംഎല്‍എയുടെ നേതൃത്വത്തില്‍ കാലുമാറ്റത്തിന് കൂട്ടുനിന്ന സിപിഎം ജനങ്ങളോട് മാപ്പു പറയണമെന്ന് ബ്ലോക്ക് അംഗം ആര്‍ ദേവകുമാര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫിനും യുഡിഎഫിനും നിലവില്‍ ബ്ലോക്കില്‍ ആറ് അംഗങ്ങള്‍ വീതമുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോടെ ബ്ലോക്ക് ഭരണം പ്രതിസന്ധിയിലായി. ഇതോടെ ജിജി സജിയുടെ ഡിവിഷനായ ഇളകൊള്ളൂരില്‍ നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പ് മുന്നണികള്‍ക്ക് നിര്‍ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *