മൂന്നാറിനെ വിറപ്പിച്ച് പടയപ്പ

മൂന്നാര്‍ മറയൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ വാഗുവരൈ ഫാക്ടറി ഡിവിഷനില്‍ വാഹനങ്ങള്‍ തടഞ്ഞ് പടയപ്പ. ഫാക്ടറി ഡിവിഷനിലെ ലയങ്ങള്‍ക്ക് മുന്നിലൂടെ ഭീതി പടര്‍ത്തി നടന്ന പടയപ്പ തൊഴിലാളികളുടെ കൃഷിയിടത്തില്‍ നിന്നും വാഴകള്‍ പിഴുതെടുത്തു ഭക്ഷിച്ചു. ഇതിന് ശേഷമായിരുന്നു കാട്ടുകൊമ്പന്‍ റോഡിലിറങ്ങിയത്. കാട്ടുകൊമ്പന്‍ പടയപ്പയെ വനമേഖലയിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെയാണ് ജനവാസമേഖലയില്‍ നിന്നും പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ റോഡിലിറങ്ങിയത്. കഴിഞ്ഞ ദിവസം തലയാര്‍ ഡിവിഷനില്‍ റേഷന്‍ കടയുടെയും ചെല്ലമ്മ രാജു എന്നയാളുടെ ലയത്തിന്റെയും കതകുകള്‍ പടയപ്പ തകര്‍ത്തിരുന്നു. വാഗുവരൈ ഫാക്ടറി ഡിവിഷനിലെ ലയങ്ങള്‍ക്ക് മുമ്പിലും പടയപ്പ എത്തിയതോടെ തൊഴിലാളികള്‍ ആശങ്കയിലായി. എന്നാല്‍ ലയങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ പടയപ്പ തീറ്റതേടി തൊഴിലാളികളുടെ കൃഷിയിടത്തില്‍ മാത്രം നാശംവിതച്ചു. പിന്നീട് സമീപത്തെ യൂക്കാലി തോട്ടത്തിലേക്ക് പിന്‍വാങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു മാസമായി തലയാര്‍, പാമ്പന്‍ മല മേഖലയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത്. തീറ്റകിട്ടാതെ വരുമ്പോള്‍ മാത്രം അക്രമകാരിയാകുന്ന പടയപ്പ സുരക്ഷിതമല്ലാത്ത ലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമോയെന്ന ആശങ്ക കുടുംബങ്ങള്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *