മുസ്ലീം വ്യക്തി നിയമത്തെ പോക്‌സോ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലീം വ്യക്തി നിയമത്തെ പോക്‌സോ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് കേരള ഹൈക്കോടതി. വധുവോ വരനോ പ്രായപൂര്‍ത്തി ആകാത്തവരാണെങ്കില്‍ പോക്‌സോ നിയമം ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് ഈ നിരീക്ഷണങ്ങള്‍. കുട്ടികളെ ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു സ്റ്റാറ്റിയൂട്ടാണ് പോക്‌സോ എന്നും കോടതി ചൂണ്ടിക്കാട്ടി. ഏതൊരു തരത്തിലുള്ള ലൈംഗിക ചൂഷണവും കുറ്റകരമാണ്. വിവാഹം ഈ സ്റ്റാറ്റിയൂട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള കാരണമല്ലെന്നും കോടതി വ്യക്തമാക്കി.

ശൈശവ വിവാഹ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ശൈശവ വിവാഹം കുട്ടിയുടെ പൂര്‍ണതോതിലുള്ള വളര്‍ച്ചയെ ബാധിക്കുന്നു. ഇത് സമൂഹത്തിന്റെ ശാപമാണ്. കുട്ടികളുമായുള്ള ശാരീരിക ബന്ധം തടയല്‍ തന്നെയാണ് പോക്‌സോ ലക്ഷ്യമിടുന്നത്. ഇത് വിവാഹത്തിലൂടെ ആയാലും. പതിനെട്ട് വയസില്‍ താഴെയുള്ള ഏതൊരു വ്യക്തിയും എന്നാണ് പോക്‌സോയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

വ്യക്തി നിയമവും പൗര നിയമവും രണ്ട് നിയമങ്ങളാണ്. 31കാരനായ മുസ്ലീം പുരുഷന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനം നടത്തിയെന്ന കേസിലാണ് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചത്. മുസ്ലീം വ്യക്തി നിയമപ്രകാരം പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *