മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത് കോടതി തടഞ്ഞു

കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നത് കോടതി തടഞ്ഞു. എറണാകുളം തൃശൂര്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ കോഴിക്കോട് മുനിസിഫ് കോടതികളില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണിത്. എറണാകുളം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. ഒപ്പം എല്ലാ ജില്ലാ പ്രസിഡണ്ടുമാരെയും ജനറല്‍ സെക്രട്ടറിമാരെയും വിളിച്ചിട്ടുണ്ട്. സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഭിപ്രായമാരായുകയാണ് ലക്ഷ്യം.

അതത് ജില്ലാ കൗണ്‍സില്‍ ചേരാതെ സംസ്ഥാന കൗണ്‍സില്‍ നടത്തരുതെന്ന ഹര്‍ജി പരിഗണിച്ച് കോടതി ഉത്തരവിട്ടു . തൃശ്ശൂരില്‍ നിന്നുള്ള ജില്ലാ കൗണ്‍സില്‍ അംഗം കെ എസ് ഹംസ, എറണാകുളത്തെ ജില്ലാ കൗണ്‍സിലഗങ്ങളായ അബ്ദുല്‍ഖാദര്‍, റഫീഖ.് തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം റസാക്ക് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളിലാണ് നടപടി. തന്നെ പങ്കെടുപ്പിക്കാതെ ലീഗ് നേതൃത്വത്തിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് താല്‍ക്കാലികമായി തടയണമെന്നാണ് കെ എസ് ഹംസയുടെ ആവശ്യം. ഹംസയെ പങ്കെടുപ്പിക്കാതെ സംസ്ഥാന കൗണ്‍സില്‍ നടത്തരുതെന്ന് രണ്ടാം അഡീഷണല്‍ മുനിസിഫ് കോടതി ഉത്തരവിട്ടു .

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി എം എ സലാം തുടങ്ങിയ എട്ടു പേരെ എതിര്‍കക്ഷികളാക്കി നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പാകും വരെയാണ് നടപടികള്‍ തടഞ്ഞത് . എന്നാല്‍ അച്ചടക്ക നടപടികള്‍ക്ക് വിധി ബാധകമല്ലെന്ന് ഉത്തരവിലുണ്ട്. എറണാകുളം ജില്ലാ കൗണ്‍സില്‍ നടത്താതെ സംസ്ഥാന കൗണ്‍സില്‍ നടത്തുന്നതിനെതിരെ എറണാകുളത്തെ ജില്ലാ കൗണ്‍സില്‍ അംഗം അബ്ദുല്‍ ഖാദറും ഹര്‍ജി നല്‍കി. രണ്ടാം പ്രിന്‍സിപ്പല്‍ മുന്‍സിപ് കോടതിയിലാണ് ഹര്‍ജി ഉള്ളത്. എറണാകുളം ജില്ലാ കൗണ്‍സില്‍ നടത്താതെ സംസ്ഥാന കൗണ്‍സില്‍ നടത്തരുതെന്ന് ഈ കേസില്‍ കോടതി താല്‍ക്കാലിക ഉത്തരവ് നല്‍കിയിട്ടുണ്ട്. എറണാകുളം ജില്ലാ കൗണ്‍സിലിന്റെ മറ്റൊരംഗം റഫിക്കും ഈ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. കേസ് ഏപ്രില്‍ നാലിലേക്ക് മാറ്റി.

തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗം റസാക്ക് ഇതേ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് യഥാക്രമം നടത്തിയിട്ടില്ല എന്നാണ് പരാതി. ഈ മാസം 18ന് കോഴിക്കോട് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് കെ പി ഗംഗാധരനും ലീഗ് സംസ്ഥാന പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും വേണ്ടി അഡ്വക്കേറ്റ് ആലിക്കോയ കെ കടലുണ്ടിയും ഹാജരായി. യഥാസമയം ജില്ലാ കൗണ്‍സിലുകള്‍ ചേര്‍ന്നതിനാല്‍ കോടതി ഉത്തരവ് തടസ്സമാവില്ല എന്നാണ് ലീഗ് നേതാക്കളുടെ വാദം.

ഇതിനിടെ പ്രശ്‌നപരിഹാരത്തിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ എറണാകുളത്തെ ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ എറണാകുളം ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിയുമാണ് ഇന്ന് പാണക്കാട്ടേക്ക് വിളിപ്പിച്ചത്. കേസ് ഒന്നും സംസ്ഥാന കൗണ്‍സില്‍ ബാധിക്കില്ലെന്നും പല ജില്ലാ കൗണ്‍സിലുകളും കൂടി കമ്മിറ്റികള്‍ നിലവില്‍ വന്നിട്ടുണ്ടെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സംസ്ഥാന കൗണ്‍സിലുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും അഭിപ്രായം അറിയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *