മുത്തലാഖ് ചൊല്ലുന്നതായി കാണിച്ച് കത്തയച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്

കണ്ണൂർ:തളിപ്പറമ്പിൽ മുത്തലാഖ് ചൊല്ലുന്നതായി കാണിച്ച് കത്തയച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരേ കേസ്.
കുറുമാത്തൂർ സ്വദേശി സാഹിദയുടെ പരാതിയിൽ ഭർത്താവ് ശ്രീകണ്ഠപുരം ചെങ്ങളായിയിലെ നടുക്കുന്നുമ്മൽ സിയാദിനെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2005 ഡിസംബർ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നു. കൂടാതെ കഴിഞ്ഞ മൂന്ന് വർഷമായി തനിക്കും മക്കൾക്കും ചെലവിന് പണം നൽകുന്നില്ലെന്നും പരാതിയിലുണ്ട്.

കഴിഞ്ഞ പന്ത്രണ്ടാം തീയതി മുത്തലാഖ് ചൊല്ലുന്നുവെന്ന് കാണിച്ച് സിയാദ് രജിസ്‌ട്രേഡ് കത്ത് അയച്ചതായും സാഹിദയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ തളിപ്പറമ്പ് സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *