മുഖ്യമന്ത്രിയായ ശേഷം 19 വിദേശയാത്ര; രണ്ട് ചികിത്സാ യാത്രയ്ക്കും മൂന്ന് ഔദ്യോഗിക യാത്രയ്ക്കും ചെലവ് 32,58,185 രൂപ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയതു 19 വിദേശയാത്രകൾ. അതിൽ 15 എണ്ണം ഔദ്യോഗിക യാത്ര. ചികിത്സാർഥം മൂന്ന് യാത്രകളും ഒരു സ്വകാര്യ യാത്രയും നടത്തി.

രണ്ടു ചികിത്സാ യാത്രയ്ക്കും മൂന്ന് ഔദ്യോഗിക യാത്രയ്ക്കുമായി 32,58,185 രൂപ ചെലവിട്ടതായും നിയമസഭയിൽ സജീവ് ജോസഫിന്റെ ചോദ്യത്തിനു മറുപടി നൽകി. എന്നാൽ ബാക്കി 14 യാത്രകളുടെ ചെലവ് വെളിപ്പെടുത്തിയിട്ടില്ല.

2018 ജൂലൈ ഒൻപത് മുതൽ 17 വരെ അമേരിക്കയിലായിരുന്നു സ്വകാര്യ സന്ദർശനം. ജൂലൈ നാല് മുതൽ എട്ടു വരെ ഫൊക്കാന സമ്മേളനത്തിനു പോയ മുഖ്യമന്ത്രി ഒരാഴ്ച കൂടി സ്വകാര്യ ആവശ്യത്തിന് അവിടെ ചെലവിട്ടു. ഈ കാലയളവാണു സ്വകാര്യ യാത്രയായി കണക്കാക്കിയത്.

പിണറായി സർക്കാർ വന്ന ശേഷം രാജ്ഭവനിൽ 14 തസ്തികകളിലേക്കു വിവിധ ഘട്ടങ്ങളിലായി 77 ഡപ്യൂട്ടേഷൻ നിയമനം നടത്തിയെന്നു മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. കരാറിൽ നിയമിച്ച നാലു പേർക്കു സ്ഥിരനിയമനവും നൽകി. 2018 മാർച്ചിൽ കുക്ക്, വെയിറ്റർ എന്നിവർക്കും 2019 ഓഗസ്റ്റിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ, 2022 ഫെബ്രുവരിയിൽ ഫൊട്ടോഗ്രഫർ എന്നിവർക്കുമാണു സ്ഥിരനിയമനം നൽകിയത്. താൽക്കാലിക, കരാർ നിയമനങ്ങൾ നടത്തിയതു കുടുംബശ്രീ വഴിയാണെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *