മുംബൈ ഭീകരാക്രമണത്തിന് പതിനാല് വയസ്

മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷങ്ങൾ. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവിൽ വിദേശികൾ ഉൾപ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്.

2008ൽ ഇതേ ദിവസമായിരുന്നു കടൽ മാർഗമെത്തിയ പാക്ക് ഭീകരവാദികളുടെ ആക്രമണത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്. 10 ലഷ്‌കർ ഇ ത്വയിബ ഭീകരർ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് അഴിഞ്ഞാടി. മഹാനഗരത്തെ ചുട്ടുചാമ്പലാക്കാനായിരുന്നു ശ്രമം. 60 മണിക്കൂർ രാജ്യം പ്രാർത്ഥനയിൽ കഴിഞ്ഞ ദിവസങ്ങളായിരുന്നു അന്ന്. മുംബൈ പൊലീസ് ആസ്ഥാനത്തിനടുത്തുള്ള ലിഒപോൾ കഫേയായിരുന്നു ആദ്യലക്ഷ്യം. അഞ്ച് തീവ്രവാദികൾ തലങ്ങും വിലങ്ങും വെടിയുതിർത്തു.

മിനുട്ടുകൾക്കുള്ളിൽ നരിമാൻ ഹൗസിനടുത്തുള്ള കൊളാബയിലെ പെട്രോൾ പമ്പിന് നേരെയും ആക്രമണം. പെട്രോൾ പമ്പ് പൊട്ടിത്തെറിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാലത് പരാജയപ്പെട്ടു. നരിമാൻ ഹൗസ് ഉന്നംവച്ചായിരുന്നു അടുത്ത നീക്കം. ജൂതൻമാർക്ക് വലിയ സ്വാധീനമുള്ള പ്രദേശം എന്ന നിലയിലാണ് തീവ്രവാദികൾ നരിമാൻ ഹൗസിൽ കടന്നത്. നിമിഷങ്ങൾക്കകം ഹോട്ടലുകൾക്ക് നേരെയും ആക്രമണം തുടങ്ങി. താജ് ഹോട്ടലിന്റെ സർവീസ് ഡോറിലൂടെ ശാന്തരായി അകത്ത് കടന്ന അക്രമികൾ തുരുതുരാ വെടിയുതിർത്തു. നിരവധി പേർ ഭീകരരുടെ തോക്കിൻ മുനയിൽ ജീവൻ വെടിഞ്ഞു. മിനുട്ടുകൾക്കുള്ളിൽ ഹോട്ടൽ ട്രൈഡെന്റിലും ആക്രമണമുണ്ടായി. താജ് ഹോട്ടലിൽ നിന്ന് തീ ഉയർന്നത് കൂടുതൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഹോട്ടൽ ഒബ്രോയിലും ഭീകരർ നിലയുറപ്പിച്ചു.

ഏത് സമയത്തും വലിയ തിരക്കനുഭവപ്പെടുന്ന സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ ഹാൻഡ് ഗ്രനേഡുകളും എകെ47 തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ വേട്ട. റിസർവേഷൻ കൗണ്ടറിനടുത്തേക്ക് ശാന്തരായി കടന്നുവന്ന രണ്ട് ചെറുപ്പക്കാർ ജനത്തിന് നേരെ ആക്രമ താണ്ഡവമാടുകയായിരുന്നു. നഗരത്തിലെവിടെയും മുഴങ്ങിക്കേട്ടത് വെടിയൊച്ചകളുടെ മുഴക്കം മാത്രം. പ്രത്യാക്രമണത്തിന്റെയും തിരിച്ചുപിടിക്കലിന്റെയും ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. ഉറച്ച ചുവടുമായി ഇന്ത്യൻ സൈന്യം തിരച്ചടിക്കിറങ്ങുമ്പോൾ ഒരു മഹാ രാജ്യത്തെ ജനത മുഴുവൻ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷൻ. ഭൂരിപക്ഷം തടവുകാരും മോചിപ്പിക്കപ്പെട്ടു. പക്ഷേ യുദ്ധത്തിന്റെ അന്ത്യം ഏറെ അകലെയായിരുന്നു. മലയാളി ദേശീയ സുരക്ഷാസേന കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉൾപ്പടെ നിരവധി പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പാകിസ്താൻകാരനാണെന്ന് സ്ഥിരീകരിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. അതിർത്തിയിൽ ഇന്ത്യാ പാക്ക് യുദ്ധത്തിന് വരെ സാഹചര്യമൊരുങ്ങി. ഭീകരരിൽ ജീവനോടെ പിടികൂടിയ അജ്മൽ അമീർ കസബിനെ പിന്നീട് തൂക്കിലേറ്റി.

Leave a Reply

Your email address will not be published. Required fields are marked *