മാസംതോറും വൈദ്യുതിനിരക്ക് വർധന; കേന്ദ്രചട്ടം കേരളത്തിലും നടപ്പാക്കേണ്ടിവരും

തിരുവനന്തപുരം: റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസംതോറും വൈദ്യുതിനിരക്ക് വർധിപ്പിക്കാൻ വിതരണക്കമ്പനികളെ അനുവദിക്കുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കേരളത്തിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം. കേന്ദ്ര വൈദ്യുതിനിയമത്തിലെ ഈ ഭേദഗതി കേരളവും നടപ്പാക്കേണ്ടിവരും. ഇക്കാര്യത്തിൽ ഇന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയേക്കും

ഇത് നടപ്പാക്കുമ്പോൾ കെ.എസ്.ഇ.ബി.ക്കും വിപണിയിലെ സാഹചര്യമനുസരിച്ച് മാസംതോറും നിരക്കിൽ വ്യത്യാസം വരുത്താനാവും. ഡിസംബർ 29-നാണ് കേന്ദ്ര ഊർജമന്ത്രാലയം ചട്ടഭേദഗതി അന്തിമമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചർച്ച തുടങ്ങിയിട്ടില്ല. . സംസ്ഥാനത്തിന് ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവുമോ എന്ന് നിയമോപദേശവും തേടിയേക്കും. സ്വകാര്യ വൈദ്യുതിവിതരണക്കമ്പനികളുടെ ലാഭംകൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര തീരുമാനം.

ഇപ്പോൾ വിതരണക്കമ്പനികൾക്ക് വൈദ്യുതി വാങ്ങുമ്പോൾ, വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ഇന്ധനത്തിന്റെ വിലയിലെ വർധനകാരണമുണ്ടാവുന്ന അധികച്ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാം. ഇന്ധന സർച്ചാർജായാണിത്. ഇതിന് നിലവിൽ മൂന്നുമാസത്തിലൊരിക്കൽ സംസ്ഥാന റെഗുലേറ്ററി കമ്മിഷനെ സമീപിക്കണം. കമ്മിഷൻ ജനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്തശേഷം അധികച്ചെലവ് ഉപഭോക്താക്കളിനിന്ന് ഈടാക്കാൻ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യും. കേരളത്തിൽ കുറേക്കാലമായി സർച്ചാർജ് ഈടാക്കുന്നതിൽ കമ്മിഷൻ തീരുമാനമെടുത്തിട്ടില്ല.

പുതിയ ചട്ടപ്രകാരം, ഇന്ധനവില വർധന മാത്രമല്ല, വിപണിയിലെ സാഹചര്യങ്ങൾ കാരണം കമ്പനികൾക്ക് വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന എല്ലാ അധികച്ചെലവും കമ്മിഷനെ സമീപിക്കാതെത്തന്നെ ഉപഭോക്താക്കളിൽനിന്ന് മാസംതോറും ഈടാക്കാം. അധികച്ചെലവ് ശരാശരി ചെലവിന്റെ 20 ശതമാനത്തിലധികമാണെങ്കിൽ മാത്രം കമ്മിഷനെ സമീപിച്ചാൽ മതി. അതത് സമയം അധികച്ചെലവ് ഈടാക്കാത്തവർക്ക് പിന്നീട് അത് ഈടാക്കാനാവില്ല. ഇത് നഷ്ടമാകുമെന്നതിനാൽ കെ.എസ്.ഇ.ബി. ഉൾപ്പെടെ എല്ലാവരും ഈ ചട്ടം അനുസരിക്കേണ്ടിവരും. വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമ്മിഷൻ ഈ കണക്കുകൾ പരിശോധിച്ച് ക്രമീകരിച്ചാൽമതി.

Leave a Reply

Your email address will not be published. Required fields are marked *