മാണിക്‌സാഹയെ തന്നെ ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി

അ​ഗർത്തല: ആരെ മുഖ്യമന്ത്രി ആക്കണമെന്ന നീണ്ട തർക്കങ്ങൾക്കൊടുവിൽ മാണിക്‌സാഹയെ തന്നെ ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. പുതിയ സർക്കാർ ബുധനാഴ്ച അധികാരമേൽക്കും. മേഘാലയിലെയും നാഗാലാൻഡിലും മന്ത്രിസഭകൾ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ പങ്കെടുക്കും.

ത്രിപുരയിൽ ബിജെപി ഭൂരിപക്ഷം ഉറപ്പാക്കിയെങ്കിലും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തർക്കമുണ്ടായിരുന്നു. മാണിക്‌സാഹ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞാണ് ബിജെപി പ്രചാരണം നയിച്ചത്. എന്നാൽ ഫലം വന്നതോടെ മുൻ മുഖ്യമന്ത്രി ബിപ്ലവ് ദേവിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക് മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി നിയോഗിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ത്രിപുരയിലെ നേതാക്കളുമായും വിശദമായി ചർച്ച നടത്തി. തുടർന്നാണ് മാണിക് സാഹയെ തുടരാൻ അനുവദിച്ചത്. തിങ്കളാഴ്ച ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ അദ്ദേഹത്തെ ഏകണ്ഠമായി തിരഞ്ഞെടുത്തു.

മേഘാലയിൽ കാവൽ മുഖ്യമന്ത്രി കോൺറാട് സങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഇന്ന് രാവിലെ രാവിലെ 11ന് ഷില്ലോങിൽ സത്യപ്രതിഞ്ജ ചെയ്യും. 45 പേരുടെ പിന്തുണയാണ് നാഷണൽ പീപ്പിൾസ് പാർട്ടി നേതാവായ അദ്ദേഹം അവകാശപ്പെടുന്നത്. നേരത്തെ സങ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന ഹിൽസ്റ്റേറ്റ് പാർട്ടി മലക്കമ്മറിഞ്ഞത് പുതിയ സർക്കാർ ഉണ്ടാക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായിരുന്നു. ബദൽ സർക്കാരിനായി രംഗത്തിറങ്ങിയ പഴയ സഖ്യകക്ഷി യൂണൈറ്റഡ് ഡെമോക്രാറ്റിക്ക് പാർട്ടി നീക്കം ഉപേക്ഷിച്ച്, സങ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി നീങ്ങിയത്. യുഡിപിക്ക് 11 എംഎൽഎമാർ ഉണ്ട്. രണ്ട് സീറ്റ് ഉള്ള പീപ്പിൾസ് ഡെമോക്രാറ്റിക്ക് ഫ്രണ്ടും ഒപ്പം ചേർന്നു. ഹിൽ സ്റ്റേറ്റ് പാർട്ടിയും സഖ്യത്തിൽ തിരിച്ചെത്തി. വോട്ടെണ്ണൽ കഴിഞ്ഞതിന് പിന്നാലെ ബിജെപി സങ്മക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നാഗാലാൻഡിൽ എൻഡിപിപി നേതാവ് നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ കൊഹിമയിൽ ഇന്ന് ഉച്ചയ്ക്ക് 1 .45ന് സത്യപ്രതിജ്ഞ ചെയ്യും. അഞ്ചാം തവണ മുഖ്യമന്ത്രിയാകുന്ന റിയോ റെക്കോർഡ് ഇടും. 37 സീറ്റുമായി വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയ എൻഡിഡിപി ബിജെപി സർക്കാരിന് മറ്റു മിക്ക പാർട്ടികൾ നിരുപാധികം പിന്തുണ വാഗ്ദാനം ചെയ്തതോടെ നാഗാലാൻഡിൽ പ്രതിപക്ഷം ഉണ്ടാകില്ല. സഖ്യത്തിൽ ഇല്ലാതിരുന്ന എൻസിപി ഏഴ് സീറ്റ്, എൽ ജെ പി രാമ് വിലാസ്, ജെഡിയു എന്നീ പാർട്ടികൾ ഇതിനകം സർക്കാരിന് രേഖാമൂലം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. നാഗ പീപ്പിൾസ് ഫ്രണ്ടിന്റെ പിന്തുണയും സർക്കാരിനുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി അച്ചും ബേമോ കികോൻ പറഞ്ഞു. 2015- 2021 വർഷങ്ങളിൽ അതത് സർക്കാരുകൾക്ക് മുഴുവൻ കക്ഷികളുടെയും ഇടക്കാല പിന്തുണ ലഭിച്ചിരുന്നു. ഇതാദ്യമായാണ് സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ പ്രതിപക്ഷം ഇല്ലാ സർക്കാർ ഉറപ്പാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *