മസ്കിന് ഗിന്നസ് റെക്കോഡ്; ഏറ്റവുമധികം സാമ്പത്തിക നഷ്ടം നേരിട്ട വ്യക്തി

വാഷിങ്ടൺ: നവീന ആശയങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി കാശുണ്ടാക്കുന്ന അതി സമ്പന്നൻ ഇലോൺ മസ്ക് കാശ് കളയുന്ന കാര്യത്തിലും മുന്നിൽ തന്നെ . ടെസ്‍ല, സ്പേസ് എക്സ്, ട്വിറ്റർ തുടങ്ങിയ കമ്പനികളുടെ അധിപനായ മസ്കിന് 15 മാസത്തിനിടെ 182 ബില്യൺ ഡോളറാണ് നഷ്ടമായത്. ഏറ്റവും അധികം സാമ്പത്തിക നഷ്ടം നേരിട്ട വ്യക്തിയെന്ന റെക്കോഡും മസ്ക് സ്വന്തമാക്കി.

2021 നവംബറിൽ മസ്കിന്റെ ആസ്തി 320 ബില്യൺ ഡോളറായിരുന്നു. അന്ന് ലോകസമ്പന്നനും അദ്ദേഹംതന്നെയായിരുന്നു. എന്നാൽ, 2023 ജനുവരി ആയപ്പോഴേക്കും 137 ബില്യൺ ഡോളറായി കുറഞ്ഞു. ഓഹരി വിപണിയിൽ ടെസ്‍ലയുടെ മോശം പ്രകടനമാണ് മസ്കിനെ ബാധിച്ചത്.

2000ത്തിലെ ഡോട്ട് കോം തകർച്ചയിൽ വൻ നഷ്ടം നേരിട്ട ജാപ്പനീസ് ടെക് സംരംഭകനായിരുന്ന മസയോഷി സണ്ണിന്റെ പേരിലായിരുന്നു ഇതുവരെയുള്ള നഷ്ടത്തിന്റെ ഗിന്നസ് റെക്കോഡ്. ഡോട്ട് കോം തകർച്ചയെ തുടർന്ന് സണ്ണിന്റെ സോഫ്റ്റ്ബാങ്ക് തകർച്ച നേരിട്ട് 2000 ഫെബ്രുവരിയിൽ 78 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്നത് 2000 ജൂലൈ ആയപ്പോഴേക്കും 19.4 ബില്യൺ ഡോളറായി കുറയുകയായിരുന്നു.

ട്വിറ്റർ ഏറ്റെടുക്കൽ അടക്കമുള്ള പ്രശ്നങ്ങളും ടെസ്‍ല ആഗോള വിപണിയിൽ നേരിടുന്ന വെല്ലുവിളികളുമാണ് മസ്കിന്റെ നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ടെസ്‍ലയുടെ ഓഹരിയിൽ 2022ൽ മാത്രം 65 ശതമാനത്തിന്റെ നഷ്ടമാണുണ്ടായത്. ലോക സമ്പന്ന പട്ടികയിൽ 190 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ഫ്രഞ്ച് സമ്പന്നൻ ബെർണാഡ് അർണോൾട്ടിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇലോൺ മസ്ക് ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *