മറ്റൊരു റോളിലെ മെസ്സി

ലോകകപ്പ്, ചാംപ്യന്‍സ് ലീഗ്, ബാലണ്‍ ഡോര്‍ ഫിഫ ബെസ്റ്റ്, ഗോള്‍ഡന്‍ ബോള്‍, ലോറസ് തുടങ്ങി ഫുട്‌ബോള്‍ ലോകത്ത് സാക്ഷാല്‍ മിശിഹയായ മെസ്സി നേടാത്തതായി ഇനിയൊന്നുമില്ല. കാല്‍പ്പന്തിലല്ലാതെ മറ്റൊരു റോളിലെ മെസിയാണ് ഇപ്പോള്‍ തരംഗമാവുന്നത്. അര്‍ജന്റീനയിലെ ദി പ്രൊട്ടക്ടേഴ്സ് എന്ന സീരിസിലില്‍ നടനായി തിളങ്ങിയിരിക്കുകയാണ് സാക്ഷാല്‍ മിശിഹ. നിരവധി പരസ്യ ചിത്രങ്ങളില്‍ മെസിയുടെ സാന്നിധ്യം കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സീരിസില്‍ മെസി അഭിനയിക്കുന്നത്.

അഞ്ച് മിനിറ്റോളം നീണ്ട് നില്‍ക്കുന്ന രംഗത്തില്‍ പ്രതിസന്ധിയിലായ ഫുട്ബോള്‍ ഏജന്റുമാര്‍ക്ക് ഉപദേശമേകുന്ന താരമായാണ് മെസി അഭിനയിക്കുന്നത്. മെസിയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ ദി പ്രൊട്ടക്ടേഴ്സ് എന്ന വെബ് സീരിസും വന്‍ ഹിറ്റാണ്. ഇതിനിടെ അന്താരാഷ്ട ഫുട്‌ബോളില്‍ നിന്ന് താല്‍കാലിക ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് മെസി. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുമായിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് താരത്തിന്റെ തീരുമാനം.

മുമ്പ് ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ പാരീസിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ മെസി പ്രയാസപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ഇന്റര്‍ മയാമിയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സൂപ്പര്‍താരത്തിന്റെ തീരുമാനം. അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ടീമില്‍ തിരിച്ചെത്താനാണ് മെസി ആഗ്രഹിക്കുന്നത്. ഇടവേള എടുക്കുന്നതിനെക്കുറിച്ച് മെസി പരിശീലകന്‍ സ്‌കലോണിയുമായി ചര്‍ച്ച ചെയ്‌തെങ്കിലും സമ്മതം മൂളിയിട്ടില്ല. ടീമിനൊപ്പം മെസി വേണമെന്നാണ് സ്‌കലോണിയുടെ നിലപാട്. ഇക്കാര്യത്തില്‍ അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനമായിരിക്കും നിര്‍ണായകമാവുക.

Leave a Reply

Your email address will not be published. Required fields are marked *