മരണത്തിന് ഒരാഴ്ച മുന്‍പ് നയനയ്ക്ക് ക്രൂരമര്‍ദനമേറ്റു, ഫോണിലൂടെ ഭീഷണി; സുഹൃത്തിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: യുവസംവിധായക നയനാ സൂര്യന്റെ ദുരൂഹമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനു മുന്നില്‍ നിര്‍ണായകവും ഞെട്ടിക്കുന്നതുമായ മൊഴി. മരണത്തിന് ഒരാഴ്ച മുന്‍പ് നയനയ്ക്കു മര്‍ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് മൊഴിനല്‍കി. മര്‍ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. അന്വേഷണപരിധിയില്‍ വരാന്‍ സാധ്യതയില്ലാതിരുന്ന ഈ അജ്ഞാതസുഹൃത്ത് ക്രൈംബ്രാഞ്ചിനോട് അങ്ങോട്ടാവശ്യപ്പെട്ടാണ് മൊഴിനല്‍കാന്‍ സന്നദ്ധമായത്.

കോടതിക്കു മുന്നില്‍ മാത്രമേ മൊഴി നല്‍കൂവെന്ന നിലപാടിലായിരുന്നു സുഹൃത്ത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി തന്റെ ആവശ്യമറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. മരണത്തിന് ഒരാഴ്ച മുന്‍പ് നയനയുടെ മുഖത്ത് മര്‍ദനമേറ്റതിന്റെ ക്ഷതം കണ്ടിരുന്നതായി സുഹൃത്ത് പറഞ്ഞു. ഫോണിലൂടെ ഭീഷണിയുണ്ടായിരുന്നതായി നയന തന്നോടു പറഞ്ഞിരുന്നതായും മൊഴിയില്‍ പറയുന്നു.

നയനയുടെ താമസസ്ഥലത്തിനടുത്തു താമസിച്ചിരുന്ന ഈ സുഹൃത്ത് ഒരു ദിവസം നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ പാട് കണ്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍, ഒരുവശം ചരിഞ്ഞുകിടന്നപ്പോള്‍ സംഭവിച്ചതാണെന്നു പറഞ്ഞ് നയന ഒഴിഞ്ഞുമാറി. അടുത്ത ദിവസം ഒരുമിച്ചുള്ള സായാഹ്നനടത്തത്തിനിടെ, തന്നെ ഒരാള്‍ മര്‍ദിച്ചതാണെന്ന് നയന വെളിപ്പെടുത്തി. മര്‍ദിച്ചയാളുടെ പേരും പറഞ്ഞു. നയന താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മര്‍ദനം. ക്രൂരമായി മര്‍ദനമേറ്റതിന്റെ അവശതയിലായിരുന്നു അപ്പോഴും നയന.

സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു നയനയ്ക്കുനേരേയുണ്ടായ ആക്രമണമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *