മയക്കുമരുന്നുദുരുപയോഗം; ഭൂരിഭാഗവും കുട്ടികള്‍

ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന് ഇരയായവരില്‍ 13.1 ശതമാനം പേരും 20 വയസ്സിന് താഴെയുള്ളവരാണെന്ന് ഓസ്ട്രിയയിലെ യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്സ് ആന്‍ഡ് ക്രൈം പ്രോഗ്രാമിന്റെ പഠനം.ഇത് കൗമാരക്കാരെ ലക്ഷ്യമിട്ടുള്ള സാമൂഹിക ഇടപെടലും പ്രതിരോധ സംവിധാനവും കൂടുതല്‍ കര്‍ശനമാക്കേണ്ടതിന്‍റെ ആവശ്യകതയാണ് കാണിക്കുന്നത്.

കുട്ടികള്‍ക്കെതിരായ അക്രമം, ചൂഷണം, ലൈംഗിക ദുരുപയോഗം എന്നിവ അവരുടെ മാനസിക, ശാരീരികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ഇത് മൂലം മയക്കുമരുന്നിന്‍റെയും മദ്യപാനത്തിന്‍റെയും ദുരുപയോഗത്തിലേക്ക് നയിക്കുന്ന അപകടകരമായ സാഹചര്യം വര്‍ധിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ 10 ല്‍ ഒമ്പത് പേരും 18 വയസ് തികയുന്നതിന് മുമ്പ് ലഹരിവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നവരാണ്.

കുട്ടികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തിലും ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിരക്കിലും കേരളത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. കുട്ടികളുമായി പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച പൊതുജനാരോഗ്യ പ്രവര്‍ത്തകരുടെ അഭാവം കേരളത്തില്‍ പ്രകടമാണ്. ശിശുപരിചരണം, ശിശുസംരക്ഷണ നിയമങ്ങള്‍ എന്നിവയിലും സംസ്ഥാനം മെച്ചപ്പെടേണ്ടതുണ്ട്. സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ഇടപെടലുകളിലൂടെ ചെറുപ്രായത്തില്‍ തന്നെ ആരോഗ്യ വിദ്യാഭ്യാസം പ്രതിരോധം, പരിചരണം, മയക്കുമരുന്നിന്‍റെ ലഭ്യത കുറയ്ക്കല്‍ തുടങ്ങിയ ബഹുമുഖ സമീപനമാണ് വേണ്ടത്.

ലഹരിവസ്തുക്കളുടെ ദുരുപയോഗം ഉപയോക്താക്കളെന്ന നിലയിലും ഇരയെന്ന നിലയിലും കുട്ടികളെ ബാധിക്കും. കുട്ടികള്‍ക്കും ഭരണകൂടത്തിന്‍റെ സംരക്ഷണത്തിന് അര്‍ഹതയുണ്ട്. അവര്‍ ലഹരിമുക്ത സമൂഹത്തില്‍ ജീവിക്കുകയും വളരുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്നും പഠനം പറയുന്നു.

മദ്യം, പുകയില, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം മൂലം ശ്രീലങ്കയില്‍ ഓരോ വര്‍ഷവും ഏകദേശം 40,000 പേര്‍ മരിക്കുന്നുവെന്നത് ഇന്ത്യയിലെ സാഹചര്യവുമായി കൂട്ടി വായിക്കണം. സമൂഹത്തിന്‍റെ ഗുണപരമായ ഇടപെടല്‍ ഏഷ്യാ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തേണ്ടതുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നാക്ക സാഹചര്യങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന കുട്ടികള്‍ അപകീര്‍ത്തിപ്പെടുത്തല്‍, പീഡനം, ലൈംഗിക ചൂഷണം എന്നിവ നേരിടുകയാണ്.

ലഹരി ഉപയോഗിക്കുന്ന 70 ശതമാനം കൗമാരക്കാരും ഇതിന്‍റെ കുടുംബ ചരിത്രമുള്ളവരാണ്. മുതിര്‍ന്നവരില്‍ ഇത് 43 ശതമാനമാണ്. കൗമാരക്കാരില്‍ 61 ശതമാനവും മുതിര്‍ന്നവരില്‍ 32 ശതമാനവും ഇതിലൂടെയുള്ള മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നു- പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *