മന്ത്രിസഭാ പുനഃസംഘടന ഉടനില്ല, ഗണേഷിന്റെ ആവശ്യം തല്ക്കാലം പരിഗണിക്കേണ്ടെന്ന് സിപിഎം

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന ഉടനുണ്ടാകില്ല. നവംബർ രണ്ടാം വാരത്തിൽ പുനഃസംഘടന നടത്താമെന്ന് നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഇതേപ്പറ്റി ചിന്തിച്ചാൽ മതിയെന്നാണ് എൽ ഡി എഫ് നേതൃത്വം തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ഒപ്പം ഗണേഷ് കുമാർ ഉയർത്തിയ ആവശ്യം തല്ക്കാലം പരിഗണിക്കേണ്ടെന്ന തീരുമാനത്തിലാണ് സിപിഎമ്മും.

ഭരണത്തിലേറി രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസഭ പുനഃസംഘടിപ്പാക്കാമെന്നായിരുന്നു ഇടതുമുന്നണിയിലെ ധാരണ. ഇതനുസരിച്ച് ഒക്ടോബർ മാസത്തിൽ പുനഃസംഘടന നടത്തേണ്ടതാണ്. എന്നാൽ, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ളതിനാൽ അതുകഴിഞ്ഞുമതി പുനഃസംഘടന എൽഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

ധാരണപ്രകാരം ഐ എൻ എല്ലിലെ അഹമ്മദ് ദേവർകോവിൽ, ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു എന്നിവരാണ് ഒഴിയേണ്ടത്. പകരം കേരള കോൺഗ്രസ് ബിയിലെ കെ ബി ഗണേഷ്‌കുമാർ, കോൺഗ്രസ് എസ്‌ നേതാവ് രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരെ മന്ത്രിമാരാക്കാമെന്നാണ് നേരത്തെതന്നെ തീരുമാനിച്ചിരുന്നത്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും ഗണേഷ് കുമാറിന്റെ നടപടികളിലും എൽ ഡി എഫിൽ കടുത്ത അസംതൃപ്തി ഉടലെടുത്തിട്ടുണ്ട്. ഗണേഷിനെ മന്ത്രിയാക്കുന്നതിനോട് വലിയ വിഭാഗം ഇടതുമുന്നണി നേതാക്കൾക്കും താല്പര്യവുമില്ല. സ്വന്തം മണ്ഡലമായ പത്തനാപുരത്തെ സര്‍ക്കാര്‍ പരിപാടികളിലും ഗണേഷിന്റെ സാന്നിധ്യം കുറവാണ്. മാത്രവുമല്ല, ഇടതുമുന്നണിയിൽ നിന്ന് സർക്കാരിനെതിരെയും ഭരണത്തിനെതിരെയും പരസ്യമായി കടുത്ത വിമർശനം ഉന്നയിക്കുന്നതിലും സിപിഎം നേതൃത്വത്തിന് പ്രതിഷേധവുമുണ്ട്. ആരോഗ്യ- വിദ്യാഭ്യാസവകുപ്പുകൾക്കെതിരെ കഴിഞ്ഞ കുറെ നാളുകളായി ഗണേഷ് രൂക്ഷമായ വിമർശനമാണ് അഴിച്ചുവിടുന്നത്. ഇടതുമുന്നണിയിൽ ചാരിനിന്ന് ഗണേഷ് സ്വന്തം നിലയിൽ വലിയ പ്രതിച്ഛായ വളർത്തിയെടുക്കാൻ ശ്രമിക്കുന്നുവെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പുനഃസംഘടന വൈകിപ്പിക്കാനാണ് എൽഡിഎഫിൽ സിപിഎം സമ്മർദ്ദം ചെലുത്തുകയും ചെയ്യും.
മന്ത്രിസ്ഥാനം തരുന്നുണ്ടെങ്കിൽ ​ഗതാ​ഗത വകുപ്പ് വേണ്ടെന്ന് ശാഠ്യം പിടിച്ച കേരള കോൺ​ഗ്രസ് ബിയുടെ ഇപ്പോഴത്തെ ആവശ്യം തല്ക്കാലം ഗൗനിക്കേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച് സിപിഎമ്മിലോ മുന്നണിയിലോ ചർച്ചയൊന്നും തു‍ടങ്ങാത്തതിനാൽ ആവശ്യം ഉടൻ പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് നേതാക്കൾ പറയുന്നത്. മാത്രവുമല്ല, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കൂടി വന്നാൽ മന്ത്രിസഭ പുനഃസംഘടന നീളാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഗണേഷിന്റെ ആവശ്യം മുഖവിലക്ക് എടുക്കേണ്ടതില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. ഇതിനുപുറമെ ഗണേഷിന്റെ കുടുംബസ്വത്ത് സംബന്ധിച്ച കേസ് തീർപ്പാകാത്ത കാര്യം ചൂണ്ടിക്കാട്ടി മന്ത്രിപദവിയിലേക്കുള്ള വരവ് നീട്ടികൊണ്ടുപോകാനും ശ്രമം നടക്കുന്നുണ്ട്. നേരത്തെ സഹോദരിയുമായുള്ള കുടുംബസ്വത്ത് കേസ് ഉന്നയിച്ചാണ് ആദ്യ ടേമില്‍ ഗണേഷിന് മന്ത്രിപദവി നിഷേധിച്ചത്. കേസ് അനന്തമായി നീളുന്നതും എൽഡിഎഫിൽ ചർച്ചയ്ക്കും.

എൻഎസ്എസുമായുള്ള ഗണേഷിനുള്ള അടുപ്പവും ഇടതുമുന്നണിക്ക് തലവേദനയായിട്ടുണ്ട്. എൻഎസ്എസ് ഡയറക്ട‌ർ ബോർഡിൽ നിന്ന് കലത്തൂർ മധുവിനെ ഒഴിവാക്കിയപ്പോൾ ആ സ്ഥാനത്തേക്ക് ഗണേഷ് കുമാറിനെയാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉൾപ്പെടുത്തിയത്. മന്ത്രി കെ എൻ ബാലഗോപാലന്റെ സഹോദരനാണ് കലഞ്ഞൂർ മധു. ഏറ്റവുമൊടുവിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ എന്‍എസ്എസ് നടത്തുന്ന പ്രതിഷേധത്തെ ഗണേഷ് പരോക്ഷമായി പിന്തുണക്കുന്നുവെന്നും സിപിഎം പറയുന്നു.
എൻഎസ്എസിന്റെ തണലിൽ യുഡിഎഫിലേക്ക് ചാടാനാണ് ​ഗണേഷ് കുമാറിന്റെ ശ്രമമെന്നും പ്രചരണമുയർന്നിട്ടുണ്ട്. ഗണേഷ് യുഡിഎഫിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. എന്‍എസ്എസും അതാണ് ആഗ്രഹിക്കുന്നതെന്നാണ് വിവരം. എന്നാൽ ഗണേഷ്‌കുമാർ വരുന്നതിനോട് കോൺഗ്രസ് നേതൃത്വം വലിയ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടില്ല. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആർ ബാലകൃഷ്ണപിളളയും ​ഗണേഷ് കുമാറും മുമ്പിൽ നിന്നുവെന്ന പരാതി കോൺ​ഗ്രസ് നേതാക്കൾക്കിടയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *