‘മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരാ’: എൽഡിഎഫ് യോഗത്തിൽ ഗണേഷ്

തിരുവനന്തപുരം: എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനം പോരായെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.

‘‘എംഎൽഎമാർക്ക് മണ്ഡലത്തിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലുള്ള റോഡ് ജോലികൾക്കു കാലതാമസം നേരിടുന്നു. മന്ത്രി നല്ലയാൾ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ല’’– ഗണേഷ്‌ കുറ്റപ്പെടുത്തി.

ഗണേഷിന്റെ അഭിപ്രായത്തോടു സിപിഎം എംഎൽഎമാർ വിയോജിപ്പ് അറിയിച്ചു. തന്റെ അഭിപ്രായം എവിടെയും പറയുമെന്ന് ഗണേഷ് തിരിച്ചടിച്ചു. പറയാനുള്ള കാര്യങ്ങൾ ഈ വേദിയിൽ അല്ലാതെ എവിടെ പറയുമെന്നും ചോദിച്ചു. ഗണേഷിനെ പിന്തുണച്ച് സിപിഐ എംഎൽഎമാരും പി.വി.ശ്രീനിജൻ എംഎൽഎയും രംഗത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *