മകളെയും പേരക്കുട്ടികളെയും അവസാനമായി ഒരുനോക്ക് കാണാൻ വേണ്ടത് 30 ലക്ഷം രൂപ

കൊച്ചി: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. മുപ്പത് ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വേണ്ടത്. അഞ്ജുവിന്റെ കുടുംബം സർക്കാർ സഹായം അഭ്യർഥിച്ച് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും ചർച്ചകൾ നടന്നെങ്കിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല.

അറുപത് വയസ് ആയിട്ടും ഇപ്പോഴും കൂലിവേല ചെയ്താണ് അശോകൻ ജീവിക്കുന്നത്. കെട്ടിട നിർമ്മാണത്തിൽ സഹായിയായും പണികഴിഞ്ഞ് രാത്രിയിൽ ഇത്തിപ്പുഴയിൽ നിന്ന് മണൽ വാരിയും പട്ടിണി കിടന്നു വരെ മക്കളെ പഠിപ്പിച്ചു. അങ്ങനെയൊരു മനുഷ്യന് തനിച്ച് സ്വരൂപിക്കാൻ കഴിയുന്നതല്ല 30 ലക്ഷം രൂപ. തന്റെ മകളെയും ചെറുമക്കളെയും അവസാനമായൊന്ന് കാണാനാണ് ഈ മനുഷ്യനിപ്പോൾ കാരുണ്യം തേടി അധികൃതരുടെ മുന്നിൽ അപേക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിലെ കെറ്ററിങ്ങിലെ മുറിക്കുള്ളിൽ അഞ്ജുവിനെയും ആറും നാലും വയസുള്ള കുഞ്ഞുങ്ങളെയും ഭർത്താവ് സാജു കൊലപ്പെടുത്തിയത്. പൊലീസ് എത്തും വരെ ഇയാൾ ഈ മുറിയിൽ തന്നെയിരുന്നു. പൊലീസ് എത്തിയപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടി.

2010 ൽ ആദ്യ ഭാര്യയുടെ മരണം അശോകനെ തളർത്തി. പിന്നീട് അശോകൻ വിവാഹം കഴിച്ച കൃഷ്ണമ്മയെ മക്കൾ രണ്ടു പേരും സ്വന്തം അമ്മയായി കണ്ടു സന്തോഷകരമായ കുടുംബ ജീവിതം. ഇതിനിടയിൽ രണ്ടു പെൺ മക്കളും പഠിച്ചു ജോലി നേടി. ഇരുവരെയും വിവാഹം ചെയ്തയച്ചു.

ഇനി ഒരാൾക്കും ഈ ഗതി വരുത്തരുതെന്ന് അശോകൻ പറയുന്നു. അവനെ മാതൃകപരമായി ശിക്ഷിക്കണം. ഇനിയും ഇതുപോലെ ചെയ്യാൻ ഒരുത്തന്റെയും കൈ പൊങ്ങരുത്. അതുപോലുള്ള ശിക്ഷ നൽകണം. വിറയ്ക്കുന്ന ശബ്ദത്തോടെ അദ്ദേഹം പറഞ്ഞ് മുഴുവിപ്പിച്ചു. 2012 ഓഗസ്റ്റ് 10 നായിരുന്നു കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ സാജുവും കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അഞ്ജുവും തമ്മിൽ വിവാഹിതരാകുന്നത്. സൗദിയിൽ ഏഴു വർഷം ജോലി ചെയ്തു വരുമ്പോഴാണ് അവിടെ ഡ്രൈവർ ആയിരുന്ന സാജുവിനെ പരിചയപെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലായി. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തി.

സൗദിയിൽ ജോലി ചെയ്യുന്നതിനിടയിൽ 2021 ഒക്ടോബറിൽ യു. കെയിൽ നേഴ്‌സ് ആയി അഞ്ജുവിന് ജോലി ലഭിച്ചു. പിന്നീട് സാജുവിനെയും കൊണ്ടുപോയി. ഇരുവരും നാട്ടിലെത്തി കഴിഞ്ഞ ജൂണിനാണ് മക്കളെയും കൂട്ടി മടങ്ങുന്നത്. ഇതിനു മുൻപ് എട്ടു മാസത്തോളം ഈ കുട്ടികൾ അഞ്ജുവിന്റെ വീട്ടിലായിരുന്നു. ഇളയമകൾ ജാൻവിയെ അവിടെയുള്ള അംഗൻവാടിയിൽ ചേർത്തിരുന്നു. മകൻ ജീവ ഓൺലൈൻ പഠനത്തിലായിരുന്നു. സമീപത്തുള്ള വീട്ടിൽ ട്യൂഷനും വീട്ടിരുന്നു.

പഠനത്തിൽ മിടുക്കരായിരുന്നു ഇരുവരും. നമ്മൾ പറയാതെ തന്നെ അവൻ പഠിക്കാൻ താല്പര്യം കാട്ടുമായിരുന്നു. എട്ടുമാസം കുഞ്ഞുങ്ങൾ ഓടികളിച്ചതാണിവിടെ. അവരുടെ കളിയും ചിരിയും എല്ലാം കൊണ്ട് ഈ വീട് ഉണർവായിരുന്നു. ആ എട്ടു മാസം 800 വർഷത്തെ ഓർമ്മകൾ തന്നിട്ടാണ് അവർ പോയത്. അവരെ ഒന്ന് കണ്ടിട്ട് മരിക്കണം എന്നാണ് അശോകൻ പറയുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി സുരേഷ് ഗോപി എം. പിയെ നേരിൽ കണ്ടു. അദ്ദേഹം ലണ്ടനിലെ മലയാളം സമാജം പ്രവർത്തകരുമായി ബന്ധപ്പെട്ടു. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഫോണിൽ വിളിച്ചു സഹായം വാഗ്ദാനം ചെയ്തു. സി. കെ. ആശ എംഎൽഎ. വീട്ടിലെത്തി ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാരിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്.

മൂന്ന് മൃതദേഹങ്ങൾ എത്തിക്കുന്നതിനു മുപ്പത് ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. ഇത്രയും തുക എങ്ങനെയുണ്ടാക്കും എന്നറിയാതെ വിഷമിക്കുകയാണ് അശോകനും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *