മഅ്ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിക്കും

ബം​ഗളുരു: രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് മഅ്ദനി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിക്കും. പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണം ഡോക്ടര്‍മാര്‍.

ബാംഗ്ലൂര്‍ സഫോടനക്കേസില്‍ സുപ്രിം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിക്കും. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി പിന്‍വലിച്ചാണ് സുപ്രിം കോടതിയെ ഉടന്‍ സമീപിക്കുന്നത്. മൂന്നാഴ്ചക്ക് മുമ്പ് പക്ഷാഘാത ലക്ഷണങ്ങള്‍ കൊണ്ടുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മഅ്ദനിയെ ബംഗ്ലൂരിലെ ആസ്റ്റര്‍ സി എം ഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിന്നു. തുടര്‍ന്ന് എം ആര്‍ ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കി. ആ പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ് ഇടവിട്ട് കൈകള്‍ക്ക് തളര്‍ച്ച, സംസാരശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങീ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത് പരിഹരിക്കാന്‍ ഉടന്‍ സര്‍ജറി വേണമെന്നും നിര്‍ദേശിച്ചിരിന്നു.

തുടര്‍ന്ന് കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബാംഗ്ലൂരുവിലെ സൗഖ്യ ഹോസ്പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങീ ആശുപത്രികളിലെയും വിദഗ്ദ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്തു. അവരെല്ലാവരും മഅ്ദനിയെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് അഭിപ്രായപ്പെട്ടങ്കിലും കിഡ്നിയുടെ പ്രവര്‍ത്തനക്ഷമത വളരെ കുറഞ്ഞ സാഹചര്യത്തില്‍ ശസ്ത്രക്രിയക്ക് വിധേയമാകുക എന്നത് അതീവ സങ്കീര്‍ണമായിരിക്കും എന്നാണ് എല്ലാ ഡോക്ടര്‍മാരുടെയും അഭിപ്രായം. സര്‍ജറിക്കും അതിന് മുമ്പുള്ളപരിശോധനകള്‍ക്കും വേണ്ടി നല്കപ്പെടുന്ന ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്നിയുടെ പ്രവര്‍ത്തനം നിശ്ചലമാകുമെന്ന സാഹചര്യം ഉണ്ടായേക്കാം എന്നുള്ള ഭീതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സുപ്രിം കോടതിയെ സമീപിക്കാനുള്ള നീക്കമാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *