ഭസ്മക്കുളം വീണ്ടും സജീവമായി

ശബരിമല: രണ്ടു വർഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം സന്നിധാനത്തെ ഭസ്മക്കുളം സജീവമായി. ധാരാളം ഭക്തജനങ്ങളാണ് തൊഴുതുകഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷമാണ് ഭക്തർ ഇവിടേക്ക് എത്തുക.

സോപ്പാ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തിൽ കുളിച്ചശേഷം തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവർ ഒട്ടേറെയാണ്. ശബരിമലയിൽ ശയനപ്രദക്ഷിണം നേർച്ചയുള്ളവരും ഭസ്മക്കുളത്തിലെ സ്‌നാനത്തിന് ശേഷം നേർച്ച നിർവഹിക്കാനായി പോകുന്നു. ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂർ ഇടവിട്ട് മാറ്റാനും സംവിധാനമൊരുക്കിയിട്ടുണ്ട്. കുളത്തിന് ചുറ്റിലുമായി ഉരൽകുഴിയിൽ നിന്നുള്ള ശുദ്ധമായ തെളിവെള്ളം ഒഴുകിയെത്തുന്ന ഓവുചാൽ സംവിധാനവുമുണ്ട്.

ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാർ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്. ഭക്തരിൽ ചിലരെങ്കിലും വസ്ത്രങ്ങളും മറ്റും കുളത്തിൽ ഉപേക്ഷിക്കുന്ന തെറ്റായ പ്രവണതയുണ്ടെന്നും ഇത് പൂർണമായും ഒഴിവാക്കണമെന്നും ഇവിടെ സുരക്ഷാ ജോലിയിലുള്ള പോലീസുകാർ അഭ്യർഥിക്കുന്നു. ഒരേസമയം മൂന്ന് പൊലീസുകാരും അഞ്ച് ഫയർ ആൻഡ് റെസ്‌ക്യൂ ജീവനക്കാരും ഇവിടെയുണ്ട്. കൂടാതെ അഞ്ച് ലൈഫ്‌ബോയ് ട്യൂബുകൾ, 10 ലൈഫ് ജാക്കറ്റുകൾ, സ്ട്രക്ചർ എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.ഭസ്മക്കുളത്തിൽനിന്ന് കുളിച്ചു വരുന്നവരെ കാത്ത് കുളത്തിന് ഇടതുവശം 81-കാരനായ തമിഴ്‌നാട് സ്വദേശി കാത്തവരായൻ കാത്തുനിൽപ്പുണ്ട്. കാത്തവരായൻ നൽകുന്ന ഭസ്മവും കുങ്കുമവും ചന്ദനവും കളഭവും പൂശി, കണ്ണാടി നോക്കി ക്ഷേത്ര സന്നിധിയിലേക്ക് മടങ്ങിപ്പോകുന്നവർ ഭസ്മക്കുളത്തിൽ നിന്നുള്ള പതിവ് കാഴ്ച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *