ഭരണഘടനാ വിരുദ്ധ പ്രസം​ഗം; സജി ചെറിയാനെതിരെയുള്ള ഹർജിയിൽ ഇന്ന് വിധി

കൊച്ചി: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

രാജി കൊണ്ട് പ്രശ്‌നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണം എന്നുമാണ് ഹർജിയിലെ ആവശ്യം.മലപ്പുറം സ്വദേശി ബിജു പി ചെറുമകൻ, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ. എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

അതേസമയം, ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാനെതിരായ അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസ് നീക്കം. സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയെ തുടർന്നാണ് കേസെടുക്കാൻ കീഴ്വായ്പൂർ പൊലീസിന് തിരുവല്ല കോടതി നിർദേശം നൽകിയത്.

ആറ് മാസത്തെ അന്വേഷണത്തിനിടയിൽ പൊലീസ് സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പൊലീസിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. ഈ വർഷം ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയിൽ വച്ച് സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആർക്കും ചൂഷണം ചെയ്യാൻ സാധിക്കാത്ത തരത്തിലാണ് ഇന്ത്യൻ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാൻ പറഞ്ഞത്. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നുവെന്നും മറ്റുമായിരുന്നു സജി ചെറിയാന്റെ പരാമർശങ്ങൾ. തിരുവല്ല, റാന്നി എംഎൽഎമാരടങ്ങിയ വേദിയിൽ വച്ചായിരുന്നു മന്ത്രിയുടെ ഈ വിവാദ പരാമർശം

Leave a Reply

Your email address will not be published. Required fields are marked *