ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം പൂര്‍ണമായും സൗജന്യമാക്കും

ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യം പൂര്‍ണമായും സൗജന്യമാക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴില്‍ എണ്‍പത് കോടി ആളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള സുപ്രധാന തീരുമാനമാണ് കേന്ദ്ര മന്ത്രിസഭാ ഇന്ന് കൈക്കൊണ്ടത്

പ്രധാനമന്ത്രി ഗരീബ് കല്യാണ പദ്ധതി വഴി കൊവിഡ് ലോക്ഡൗണ്‍ മുതല്‍ അഞ്ച് കിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നല്‍കിയിരുന്നു. പദ്ധതി ഈ വര്‍ഷം ഡിസംബര്‍ മുപ്പത്തിയൊന്നിന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷയുടെ കീഴില്‍ വരുന്നവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാനുള്ള തീരുമാനം. നേരത്തെ സബ്‌സിഡി നിരക്കിലാണ് ഭക്ഷ്യധാന്യം വിതരണം ചെയ്തിരുന്നത്. ആകെ രണ്ട് ലക്ഷം കോടി രൂപ ഒരു വര്‍ഷം ഇതിനായി ചിലവാക്കും.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി വഴിയുള്ള പെന്‍ഷന്‍ നിരക്ക് ഉയര്‍ത്താനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തില്‍ ധാരണയായി.

അതേസമയം, ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി വഴിയുള്ള പെന്‍ഷന്‍ നിരക്ക് മൂന്ന് കൊല്ലത്തിന് ശേഷമാണ് ഉയര്‍ത്തുന്നത്. നിലവില്‍ ഇരുപത് ലക്ഷത്തി അറുപതിനായിരം പേരാണ് പെന്‍ഷന്റെ പരിധിയില്‍ ഉണ്ടായിരുന്നത്. 2019ന് ശേഷം വിരമിച്ചവരേയും ഉള്‍പ്പെടുത്തിയതോടെ ഇത് ഇരുപത്തിയഞ്ച് ലക്ഷത്തി പതിമൂന്നായിരമായി ഉയരും. പെന്‍ഷന്‍ കുടിശ്ശികയായ 23638 കോടി രൂപ നാല് ഗഡുക്കളായി നല്‍കും. ആകെ 8450കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും.

കൊപ്രയുടെ താങ്ങുവിലയും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് ഇരുന്നൂറ്റി എഴുപത് രൂപ കൂട്ടി പതിനായിരത്തി എണ്ണൂറ്റി അറുപതാക്കി, ഉണ്ടകൊപ്രയുടെ വില 750 കൂട്ടി 11750 ആക്കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *