ബ്രിട്ടൻ വിദേശ വിദ്യാർഥികളുടെ എണ്ണം വെട്ടിക്കുറച്ചേക്കും

ലണ്ടൻ: കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി ഋഷി സുനക്. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗുണനിലവാരമില്ലാത്ത കോഴ്‌സുകൾക്കു ചേരുന്ന വിദ്യാർഥികൾ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് സുനകിന്റെ ഓഫിസ് അറിയിച്ചത്. പഠനത്തിന് എത്തുന്ന വിദ്യാർഥികളുടെ പങ്കാളികൾക്ക് വീസ നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് കരുതുന്നത്.

ബ്രിട്ടനിലേക്കുള്ള കുടിയേറ്റം സ്വപ്‌നം കാണുന്ന ഇന്ത്യൻ വിദ്യാർഥികൾക്കുൾപ്പെടെ വൻ തിരിച്ചടിയാകും സുനകിന്റെ പുതിയ തീരുമാനങ്ങൾ. അടുത്തിടെ യുകെയിലേക്കുള്ള കുടിയേറ്റത്തിൽ വൻവർധന രേഖപ്പെടുത്തിയതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയാറെടുക്കുന്നത്. കോവിഡാനന്തരം ആയിരക്കണക്കിനു വിദ്യാർഥികളാണ് ഇന്ത്യയിൽനിന്ന് യുകെയിലേക്ക് പഠനത്തിനു പോയിരിക്കുന്നത്.

എന്നാൽ ഗുണനിലവാരമില്ലാത്ത ഡിഗ്രി ഏതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇത്തരത്തിൽ തീരുമാനമുണ്ടായാൽ പല സർവകലാശാലകൾക്കും വൻതിരിച്ചടി നേരിടേണ്ടിവരുമെന്നും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കുടിയേറ്റ നിയന്ത്രണം ഏർപ്പെടുത്തുന്നത് രാജ്യപുരോഗതിക്കു തടസമാകുമെന്ന് സാമ്പത്തികവിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. താൽക്കാലികമായി എത്തുന്ന വിദ്യാർഥികളെ കുടിയേറ്റക്കാരായി കണക്കാക്കരുതെന്നാണ് ഇന്ത്യൻ സംഘടനകൾ ആവശ്യപ്പെടുന്നത്.

യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻകുതിച്ചു ചാട്ടമാണ് ഉണ്ടാകുന്നതെന്ന് ഓഫിസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് (ഒഎൻഎസ്) പുറത്തുവിട്ട കണക്കിൽ പറയുന്നു. 2021ൽ 1,73,000 ആയിരുന്ന കുടിയേറ്റം ഈ വർഷം 5,04,000 ആയാണ് ഉയർന്നത്. അതായത് 3,31,000ത്തിന്റെ വർധന. ചൈനക്കാരെ പിന്തള്ളി ഇന്ത്യൻ വിദ്യാർഥികൾ കൂട്ടത്തോടെ യുകെയിലേക്ക് എത്തിയതോടെയാണ് വൻവർധനവെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇന്ത്യൻ വിദ്യാർഥികൾ വീസ കാലാവധി കഴിഞ്ഞും യുകെയിൽ തങ്ങുന്നത് തടയണമെന്ന് ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറി സുയെല്ല ബ്രവർമാൻ സുനകിനോട് ആവശ്യപ്പെടിരുന്നു. ഏറ്റവും കൂടുതൽ ഇത്തരത്തിൽ രാജ്യത്ത് തുടരുന്നത് ഇന്ത്യൻ കുടിയേറ്റക്കാരാണെന്നും അവർ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *