ബ്രിട്ടനിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് കൊട്ടാരക്കര സ്വദേശി വിജിൻ വർഗീസ്

ലണ്ടൻ: ബ്രിട്ടനിലെ ലിവർപൂളിനു സമീപം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയെന്നു തിരിച്ചറിഞ്ഞു. കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂർ നീലാംവിളയിൽ വിവി നിവാസിൽ ഗീവർഗീസിന്റെ മകൻ വിജിൻ വർഗീസ് (26) ആണ് മരിച്ചത്.

ലിവർപൂളിനടുത്ത് വിരാൽ ബെർക്കൻഹെഡ് റോക്ക് ഫെറിയിലാണ് വീടിനുള്ളിൽ മരിച്ച നിലയിൽ വിജിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ എംഎസ്‌സി എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എത്തിയത്.

പഠനത്തോടൊപ്പം സ്വകാര്യ ഏജൻസി മുഖേന പാർട്ട്‌ ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ സ്ഥിരമായി ജോലിയും വർക്കിംഗ്‌ പെർമിറ്റും കിട്ടിയതായി സൂചനയുണ്ട്. ഇത്തരത്തിൽ സന്തോഷകരായി മുന്നോട്ടു പോകേണ്ടുന്ന സാഹചര്യത്തിൽ ഉണ്ടായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

മരണത്തിൽ ദുരൂഹത ഉയർന്ന സാഹചര്യത്തിൽ കൃത്യമായ പൊലീസ് അന്വേഷണം നടന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയുള്ളു. മൃതദേഹത്തോടൊപ്പം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. മെഴ്സിസൈഡ് പൊലീസ് ആണ് കേസ് എടുത്തിട്ടുള്ളത്. ജോലി ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്തതാണ് വിജിൻ ചെസ്റ്ററിൽ നിന്ന് ബെർക്കൻഹെഡിൽ താമസമാക്കിയത്.

കിഴക്കെത്തെരുവ് പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവക അംഗമായ വിജിൻ നാട്ടിൽ ആധ്യാത്മിക രംഗങ്ങളിൽ ഏറെ സജീവമായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്കായി വിവിധ മലയാളി സംഘടനകൾ ഉൾപ്പടെയുള്ളവർ രംഗത്തുണ്ട്. ജെസി വർഗീസാണ് മാതാവ്. വിപിൻ വർഗീസ് സഹോദരനും.

Leave a Reply

Your email address will not be published. Required fields are marked *