ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിനു തീ പിടിച്ച് കൊച്ചി നഗരം പുകയില്‍ മൂടി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യത്തിനു തീ പിടിച്ച് കൊച്ചി നഗരം പുകയില്‍ മൂടി. പത്തിലധികം അഗ്‌നിരക്ഷാസേനകള്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. മാര്‍ച്ച് ഒന്നിന് വൈകിട്ട് 4.15ന് ആരംഭിച്ച തീപിടിത്തം അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

ഏരൂര്‍, ഇന്‍ഫോപാര്‍ക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളില്‍ പുക ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പരിസരവാസികള്‍ക്ക് ശ്വാസ തടസ്സം ഉള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.കനത്ത പുക കാരണം സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.മാര്‍ച്ച് ഒന്നിന് വൈകിട്ട് 4.15ന് ആരംഭിച്ച തീപിടിത്തം അണയ്ക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി ഒട്ടേറെ അഗ്‌നിരക്ഷാ സേന യൂണിറ്റുകള്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നു. വലിയ തോതില്‍ പുക ഉയര്‍ന്നതും പ്രദേശത്തേക്ക് അഗ്‌നിരക്ഷാ സേന വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയാതെ ഇരുന്നതും മാലിന്യം പ്ലാന്റിനു സമീപത്ത് സ്ഥാപിച്ചിരുന്ന പമ്പിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കാതിരുന്നതും തീയണയ്ക്കുന്നതിനു ബുദ്ധിമുട്ടുണ്ടാക്കി. ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കൂടിക്കിടക്കുന്നതിനാല്‍ കടുത്ത ചൂടില്‍ ഉരുകി തീപിടിച്ചതാകാനാണ് സാധ്യതയെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.

ഏക്കര്‍ കണക്കിനു കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനു തുടര്‍ച്ചയായ നാലാം വര്‍ഷമാണ് തീപിടിക്കുന്നത്. പ്ലാന്റിനകത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും പൂര്‍ണ തോതില്‍ സ്ഥാപിച്ചിട്ടില്ല. മാലിന്യം കൂട്ടിയിട്ടിരിക്കുന്നതിനു സമീപം തന്നെയാണ് അതീവ സുരക്ഷാ മേഖലയായ ബ്രഹ്‌മപുരം താപ വൈദ്യുത നിലയവും. സമീപത്ത് തന്നെയാണ് ഫാക്ടും സ്ഥിതി ചെയ്യുന്നത്.പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടായ രൂക്ഷഗന്ധം കരിമുകള്‍, ഇരുമ്പനം മേഖലകളിലുള്ള ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. രൂക്ഷഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ ശ്വാസ തടസ്സമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *