ബ്രഹ്മപുരം; ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയ തുകയുടെ പകുതി മാത്രം

കൊച്ചി: ബ്രഹ്മപുരത്തു ബയോമൈനിങ് നടത്താൻ 4 വർഷം മുൻപ് ടെൻഡർ വിളിച്ചപ്പോൾ ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയ തുകയുടെ പകുതി മാത്രം. 2019 ൽ ഈറോഡ് കേന്ദ്രമായ ‘നെപ്റ്റ്യൂൺ ഓട്ടമേഷൻ’ ക്വോട്ട് ചെയ്തത് ക്യുബിക് മീറ്ററിന് 597 രൂപയാണ്. എന്നാൽ 2021 ൽ സോണ്ടയ്ക്കു കരാർ നൽകിയത് അതിന്റെ ഇരട്ടി തുകയ്ക്ക്– ക്യുബിക് മീറ്ററിന് 1155 രൂപ.

2019 ഓഗസ്റ്റ് 14നു വിളിച്ച ആദ്യ ടെൻഡറിൽ ആരും പങ്കെടുത്തില്ല. ഒക്ടോബർ 26നു റീടെൻഡർ വിളിച്ചപ്പോൾ നെപ്റ്റ്യൂൺ മാത്രമാണു വന്നത്. ബ്രഹ്മപുരത്ത് 2.63 ലക്ഷം ഘനമീറ്റർ മാലിന്യമുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. അതിന് മൊത്തം ചെലവ് 15.71 കോടി രൂപ. നെപ്റ്റ്യൂണിനു കരാർ നൽകുന്ന കാര്യം 2020 ലെ ആദ്യ 3 മാസങ്ങളിൽ ചേർന്ന കോർപറേഷന്റെ 6 കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്തു. എന്നാൽ, തുക കൂടുതലാണെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് എൽഡിഎഫ് എതിർത്തതോടെ തീരുമാനമെടുത്തില്ല. ഇതിനിടെ 2020 മാർച്ച് അഞ്ചിനു ദുരന്ത നിവാരണ നിയമം ഉപയോഗിച്ചു സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്തു.

കോർപറേഷനോടു ടെൻഡർ റദ്ദാക്കാനും സംസ്ഥാന വ്യവസായ വികസന കോർപറേഷനോടു പുതിയ ടെൻഡർ വിളിക്കാനും നിർദേശിച്ചു. കെഎസ്ഐഡിസി വിളിച്ച ടെൻഡർ വഴിയാണു വിവാദ കമ്പനിയായ സോണ്ടയുടെ വരവ്. അവരുടെ പരിശോധനയിൽ മാലിന്യത്തിന്റെ അളവ് 4.75 ലക്ഷം ഘന മീറ്ററായി. ഒരു ഘനമീറ്ററിന്റെ ചെലവ് 1155 രൂപയായി. മൊത്തം ചെലവ് 54.90 കോടി രൂപയും. 2020 ആദ്യം കോർപറേഷൻ യുഡിഎഫ് ഭരിക്കുമ്പോൾ 15.71 കോടി രൂപയുടെ കരാറിനെ എതിർത്ത എൽഡിഎഫ്, അധികാരം കിട്ടിയതോടെ നിലപാട് മാറ്റി. 2021 സെപ്റ്റംബറിൽ 55 കോടി രൂപയുടെ കരാർ സോണ്ടയുമായി ഒപ്പുവച്ചു. പഴയ ടെൻഡർ ബയോമൈനിങ്ങിനു വേണ്ടിയല്ല, ബയോ ക്യാപ്പിങ്ങിനു വേണ്ടിയായിരുന്നെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, അത് ബയോമൈനിങ് തന്നെയായിരുന്നുവെന്ന് 2020 മാർച്ച് മൂന്നിലെ കോർപറേഷൻ കൗൺസിൽ അജൻഡയിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *