ബി.ജെ.പിയുടെ വികാസ് യാത്രക്കിടെ മന്ത്രിക്കുനേരെ ചൊറിയൻ പൊടിയേറ്; ചൊറി സഹിക്കാതെ മന്ത്രി പൊതുയിടത്തിൽ കുർത്തയഴിച്ച് കഴുകി

ഭോപ്പാൽ: മധ്യപ്രദേശിൽ ചൊവ്വാഴ്ച നടന്ന ബി.ജെ.പിയുടെ വികാസ് രഥ് യാത്രക്കിടെ മന്ത്രിക്കുനേരെ ചൊറിയൻ പൊടിയെറിഞ്ഞു. സംസ്ഥാനത്തെ മന്ത്രി ബ്രജേന്ദ്ര സിങ് യാദവിന് നേരെയാണ് അജ്ഞാതൻ ചൊറിയൻ പൊടി എറിഞ്ഞത്. യാത്രക്കിടെയുള്ള പൊതുയോഗത്തിലായിരുന്നു സംഭവം.

യാത്ര മന്ത്രിയുടെ നിയമസഭാ മണ്ഡലമായ മുങ്കോളിയിലൂടെ മുന്നേറുമ്പോഴാണ് ചൊടി പ്രയോഗം ഏൽക്കേണ്ടി വന്നത്.

ചൊറി സഹിക്കവയ്യാതായതോടെ മന്ത്രി പൊതു സ്ഥലത്തു തന്നെ കുർത്ത ഊരി കുപ്പിവെള്ളം കൊണ്ട് ദേഹം കഴുകി. കാഴ്ചക്കാരിലാരോ എടുത്ത സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം വികാസ് രഥ് യാത്ര കന്ദ്വ ജില്ലയിലെ പൊളിഞ്ഞ റോഡിൽ നിന്നിരുന്നു. ഈ സമയം പ്രദേശത്തെ എം.എൽ.എയും ഗ്രാമത്തലവനായ സർപാഞ്ചും തമ്മിൽ രൂക്ഷമായ വാക് തർക്കമുണ്ടായിരുന്നു. പ്രദേശത്ത് മൂന്ന് കിലോമീറ്റർ റോഡിനു പോലും സർക്കാർ അംഗീകാരം നൽകാതിരിക്കുമ്പോൾ വികാസ് യാത്രയുടെ ആവശ്യമെന്തെന്ന് സർപാഞ്ച് എം.എൽ.എയോട് ചോദിക്കുന്ന വിഡിയോയും പ്രചരിച്ചിരുന്നു.

കോൺഗ്രസ് മോശമാണെന്ന് ഞങ്ങൾ കണ്ടെത്തി. പക്ഷേ, നിങ്ങൾ (ബി.ജെ.പി) കോൺഗ്രസിനേക്കാൾ മോശമാണ്. ഞങ്ങൾക്ക് നല്ല റോഡ് നൽകിയില്ലെങ്കിൽ നിങ്ങൾക്ക് വോട്ട് ചെയ്യില്ല. -സർപാഞ്ച് എം.എൽ.എയോട് രൂക്ഷമായി പറഞ്ഞു.

നിങ്ങൾ വോട്ട് ചെയ്യേണ്ടതില്ല. അത് നിങ്ങളുടെ അവകാശമാണെന്ന് എം.എൽ.എ തിരിച്ച് പറയുന്നതും വിഡിയോയിൽ ഉണ്ടായിരുന്നു.

വികാസ് രഥ് യാത്ര മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ഞായറാഴ്ചയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഫെബ്രുവരി 25 വരെ യാത്ര തുടരും.

Leave a Reply

Your email address will not be published. Required fields are marked *