ബസ്സിൽ യാത്രചെയ്ത വീട്ടമ്മയുടെ മാലപറിച്ച കേസിൽ തമിഴ്നാട് സ്വദേശിനി പിടിയിൽ

പത്തനംതിട്ട : ചെന്നീർക്കര ഐ ടി ഐ ജംഗ്ഷനിൽ നിന്നും ഇലവുംതിട്ടയിലേക്ക് വന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരിയായ വീട്ടമ്മയുടെ ഒന്നേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ.

ഇന്നലെ രാവിലെ 9.20 ന് ഇലവുംതിട്ടയിൽ വച്ചാണ് 63 കാരിയുടെ മാല പിടിച്ചുപറിച്ചത്. തമിഴ്നാട് വടക്ക് തെരുവ് തൂത്തുക്കൂടി വടക്ക് തെരുവിൽ ഡോർ നമ്പർ 24 എയിൽ മാണിക്യമുത്തുവിന്റെ മകൾ ലക്ഷ്മിയെന്നും മായയെന്നും വിളിക്കുന്ന ഗായത്രി(29) യെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.

ബസ്സിൽ യാത്രചെയ്തുവന്ന ചെന്നീർക്കര പമ്പുമല ഉടയാൻചരുവിൽ വീട്ടിൽ കെ സി ജോയിയുടെ ഭാര്യ ലില്ലിക്കുട്ടി ജോയിയുടെ സ്വർണമാലയാണ് യുവതി കവർന്നത്.

വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ ഓടിക്കൂടിയ നാട്ടുകാർ സ്ത്രീയെ തടഞ്ഞുവച്ച് പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പേര് മാറ്റിമാറ്റി പറഞ്ഞ് പോലീസിനെ കുഴപ്പിച്ച സ്ത്രീയുടെ ദേഹപരിശോധന നടത്തിയപ്പോൾ, ഷോൾഡർ ബാഗിന്റെമുന്നിലെ അറയിൽ നിന്നും മാല കണ്ടെടുത്തു. കുറ്റസമ്മതം നടത്തിയ പ്രതിയുടെ പക്കൽ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാഞ്ഞതിനാൽ വിലാസം ഉറപ്പിക്കാനായിട്ടില്ല. ഇവർക്ക് മായ എന്ന പേരിൽ നഗരൂർ പോലീസ് സ്റ്റേഷനിലും ലക്ഷ്മി എന്നപേരിൽ കോട്ടയം ഈസ്റ്റ്‌, കുന്നത്തുനാട് പോലീസ് സ്റ്റേഷനുകളിലും കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലും മോഷണ കേസുകൾ നിലവിലുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *