ബനഡിക്ട് പാപ്പയ്ക്ക് ഇന്നു വിട; കബറടക്ക ശുശ്രൂഷയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകും

വത്തിക്കാൻസിറ്റി: ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറടക്കത്തിന് റോമ നഗരവും വത്തിക്കാനും ഒരുങ്ങി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും. അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് കുർബാന അർപ്പിക്കുന്നത് കർദിനാൾ തിരുസംഘത്തിന്റെ ഡീനായ കർദിനാൾ ജൊവാന്നി ബത്തിസ്ത റെയാണ്.

കത്തോലിക്കാ സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളും നീതിബോധത്തിന്റെ ഉദാത്ത മാതൃകയും ദൈവഹിതത്തിന്റെ നിതാന്ത അന്വേഷിയുമായി അറിയപ്പെട്ടിരുന്ന ബനഡിക്ട് മാർപാപ്പ ഏറെ ജനകീയനുമായിരുന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ സെന്റ്പീറ്റേഴ്സ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയത്. ബുധനാഴ്ച മാത്രം ഒന്നേകാൽ ലക്ഷത്തോളം പേരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

ജോൺ പോൾരണ്ടാമൻ മാർപാപ്പയുടെ പിൻ​ഗാമിയായി എട്ടുവർഷം കത്തോലിക്ക സഭയുടെ തലവനായിരുന്ന ബെനഡിക്ട് പതിനാറാമൻ അനാരോഗ്യത്തെ തുടർന്ന് 2013ൽ സ്ഥാനമൊഴിഞ്ഞു. അതിന് ശേഷം വത്തിക്കാനിൽ തന്നെയുള്ള ആശ്രമത്തിൽ കഴിയവേയാണ് ശനിയാഴ്ച 95ാം വയസിൽ അന്തരിച്ചത്.

ഇറ്റലി, ജർമനി, പോളണ്ട്, പോർച്ചുഗൽ, ഹംഗറി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളും സ്പെയിനിലെ സോഫിയാ രാജ്ഞിയും ബൽജിയത്തിലെ ഫിലിപ്പ് രാജാവും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. പൗരസ്ത്യ കത്തോലിക്കാ സഭകളുടെ തലവന്മാരും എല്ലാ ക്രൈസ്തവസഭകളിലെയും പ്രതിനിധികളും ബനഡിക്ട് മാർപാപ്പയുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.

കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയവർ വത്തിക്കാനിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാര ശുശ്രൂഷയിലും ഇവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *