ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും

ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ വനിതകള്‍ ഇന്നിറങ്ങും. രണ്ടാം ടി20യിലും മലയാളി താരം മിന്നു മണി കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ തന്റെ ആദ്യ ഓവറില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി വിട്ടുകൊടുത്ത ശേഷം മിന്നു വിക്കറ്റുമായി തിരിച്ചടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ ജയിച്ചത്. ആദ്യ മത്സരത്തില്‍ മിന്നുവിന് ബാറ്റിംഗിന് ഇറങ്ങാനായിരുന്നില്ല. ധാക്കയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി 20 പതിമൂന്നാം തിയതി ധാക്കയില്‍ നടക്കും.

ബംഗ്ലാദേശിനെതിരെ ആദ്യ ട്വന്റി 20യില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ധാക്കയില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് ഇന്ത്യ 16.2 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി. ഓപ്പണര്‍ സ്മൃതി മന്ഥാന 34 പന്തില്‍ 38 നേടി പുറത്തായി. ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മിന്നു മണി തന്റെ നാലാം പന്തില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 28 റണ്‍സ് നേടിയ ഷോര്‍ന അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മിന്നുവിന് പുറമെ പൂജ വസ്ത്രകറും ഷെഫാലി വര്‍മ്മയും ഓരോ വിക്കറ്റ് നേടി. ഫിഫ്റ്റിയുമായി ഹര്‍മന്‍ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *