പോപ്പുലർ ഫ്രണ്ടിന്റെ പന്തളം പ്രാദേശിക നേതാവിന്റെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി

പന്തളം: പോപ്പുലർ ഫ്രണ്ടിന്റെ പന്തളം പ്രാദേശിക നേതാവിന്റെ വീടും വസ്തുവും ജപ്തി ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങി. പന്തളം വില്ലേജോഫീസ് അധികാരികൾ വീട്ടിൽ നോട്ടീസ് പതിച്ചു.

പോപ്പുലർ ഫ്രണ്ട് പന്തളം ഡിവിഷണൽ പ്രസിഡന്റായിരുന്ന പന്തളം തോന്നല്ലൂർ ഉളയ മഠത്തിൽ പുത്തൻ വീട്ടിൽ ആർ.അൽ അമീൻ, ഭാര്യ എസ്.ഫാത്തിമ എന്നിവരുടെ ഉടമസ്ഥയിലുള്ള വീട്ടിലാണ് നോട്ടീസ് പതിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30 യോടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥർ നോട്ടീസ് ഫാത്തിമ ബീവിക്ക് നൽകിയെങ്കിലും സ്വീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ജപ്തി നോട്ടീസ് വീടിന്റെ ഭിത്തിയിൽ പതിക്കുകയായിരുന്നു. നോട്ടീസിന്റെ പകർപ്പ് പന്തളം സബ് രജിസ്ട്രാർ ഓഫീസിലും, പന്തളം നഗരസഭയിലും, പന്തളം വില്ലേജ് ഓഫീസിലും പതിച്ചിട്ടുണ്ട്.

പന്തളം വില്ലേജ് ഓഫീസർ രേണു രാമൻ, സ്‌പെഷൽ വില്ലേജ് ഓഫിസർ അനീഷ് കുമാർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മനു മുരളി, എന്നിവരാണ് നടപടികൾ നടത്തിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശം വന്നതോടെയാണ് ജപ്തി നടപടികളുടെ വേഗം ഏറിയത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട നേതാക്കളുടെ വീടിന്റെ വിവരങ്ങൾ നേരത്തേതന്നെ റവന്യു വകുപ്പ് ശേഖരിച്ചിരുന്നു. വീടിന്റെയും വസ്തുവിന്റെയും ലേല നടപടികളാണ് ഇനി നടത്താനുള്ളത്.
പൊതുമുതൽ നശിപ്പിച്ചത് സംബന്ധിച്ച് 2022 സെപ്റ്റംബർ 23 മുതൽ അടയ്‌ക്കേണ്ട കുടിശിക തുകയും ഇതിന്റെ 12 ശതമാനം പലിശയും അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നതായി നോട്ടീസിൽ പറയുന്നു. സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നതും ബാധ്യതപ്പെടുത്തുന്നതും നിരോധിക്കുന്നതായും കുടിശികത്തുകയും പലിശയും നടപടിച്ചെലവും സഹിതം അടയ്ക്കാത്ത പക്ഷം സ്ഥാവര സ്വത്തുക്കൾ നിയമപ്രകാരം വിൽപ്പന നടത്തുമെന്നും അടൂർ തഹസീൽദാർ നൽകിയ ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *