ഫുട്ബോൾ ആവേശത്തിനെതിരെ കൂടുതൽ മതപണ്ഡിതർ രം​ഗത്ത്

കോഴിക്കോട്: സമസ്തയ്ക്ക് പിന്നാലെ ഫുട്ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ ഇസ്ലാം മതപണ്ഡിതര്‍ രംഗത്ത്. ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ.പി. വിഭാഗവും രംഗത്തെത്തി.*

സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ കമ്മറ്റി കഴിഞ്ഞ ദിവസം ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ആണ് ഫുട്‌ബോള്‍ ആരാധനയ്‌ക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. ഇത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഫുട്ബോള്‍ ആവേശത്തിനെതിരെ പ്രചാരണവുമായി കൂടുതല്‍ മതനേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്നാണ് സമസ്ത എ.പി. വിഭാഗം ഉന്നയിക്കുന്ന വാദം. ഇതിനെ എതിര്‍ക്കാന്‍ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്.വൈ.എസ്. നേതാവ് പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി ആവശ്യപ്പെട്ടു. അതിനിടെ, ഫുട്ബോള്‍ ലഹരി ഇസ്ലാമിക വിരുദ്ധമാണെന്ന് സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന്‍ ഐദീദും അഭിപ്രായപ്പെട്ടു. ഫുട്ബോളിന്റേയും ക്രിക്കറ്റിന്റേയും പേരില്‍ യുവാക്കള്‍ അവരുടെ ജീവതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോള്‍ അത് തിരുത്താന്‍ പോലും ആളുകള്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നു എന്നായിരുന്നു മുഹ്സിന്‍ ഐദീദിന്റെ പരാമര്‍ശം. ഇതിനെക്കുറിച്ച് പറഞ്ഞാല്‍ പിന്തിരിപ്പനായ കാര്യം പറയുന്നത് പോലെയാണ് ആളുകള്‍ മനസ്സിലാക്കുന്നത്.

യുവാക്കള്‍ പറയുന്നതിലും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വാക്കുകളിലും താരങ്ങളെ കണ്‍കണ്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നതായും മുഹ്സിന്‍ ഐദീദ് കുറ്റപ്പെടുത്തി. ഫുട്ബോളിന്റെയും ക്രിക്കറ്റിന്റേയും ദൈവമെന്ന് കളിക്കാരെ വിശേഷിപ്പിക്കുന്നു. ഇവര്‍ വിചാരിച്ചാല്‍ നടക്കാത്ത കാര്യമില്ലെന്ന് പറയുന്നു. എങ്ങോട്ടാണ് ആളുകളെ നിങ്ങള്‍ ഇവരെ പുകഴ്ത്തി?. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ അതിനുവേണ്ടി കോടികള്‍ വാങ്ങുന്ന, ബുദ്ധിയില്ലാത്ത, യാതൊരു അര്‍ഥവുമില്ലാത്ത കാര്യങ്ങള്‍, അതിന്റെ പിന്നില്‍ ജനങ്ങളെ തളച്ചിടുന്ന ആളുകള്‍, അവരെ പുകഴ്ത്തുകയും അമിതമായി വാഴ്ത്തുകയാണ്. വലിയ കട്ടൗട്ടുകള്‍ വെച്ച് അഭിമാനം നടിക്കുകയും അഹങ്കാരം പറയുകയുമാണ്’ എന്നിങ്ങനെ അബ്ദുല്‍ മുഹ്സിന്‍ ഐദീദ് കുറ്റപ്പെടുത്തല്‍ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *