ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപം; എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് തെളിവ് ശേഖരണം തുടങ്ങി

കൊച്ചി: ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള പ്രാഥമിക കണ്ടെത്തലിന്റെ വെളിച്ചത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് തെളിവ് ശേഖരണം തുടങ്ങി. ഫാരിസിന്റെ വീടുകളിലും ഓഫീസുകളിലും ഇന്നലെയും പരിശോധന തുടര്‍ന്നു.

ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായുള്ള ആദായനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരീസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും നടക്കുന്ന പരിശോധന ഇന്നലെയും തുടര്‍ന്നു. കൊയിലാണ്ടി നന്ദിയിലെ വീട്ടില്‍ രാവിലെ 9 ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു. തിങ്കളാഴ്ചയും ഇവിടെ പരിശോധന നടത്തിയിരുന്നു. ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മ്മാതാക്കള്‍, ഇടനിലക്കാര്‍ , എന്നിവരുടെ കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലും ഫ്‌ലാറ്റുകളിലും തിങ്കളാഴ്ച രാത്രിയും ഇന്നലെ പകലുമായി പരിശോധന തുടര്‍ന്നിരുന്നു.

ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്രപ്രവര്‍ത്തകരുടെ മൊഴികളും രേഖപ്പെടുത്തും. വര്‍ഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാകണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിര്‍ണായ രേഖകള്‍ പിടിച്ചെടുത്തു. ഫ്‌ലാറ്റ് മുദ്ര വച്ചു. തിങ്കളാഴ്ച വൈകിട്ട് തുടങ്ങിയ പരിശോധന ഇന്നലെ വൈകിട്ട് 7 മണിക്കാണ് അവസാനിച്ചത്. ചിലവന്നൂരിലെ കെട്ടിട നിര്‍മ്മാതാവിന്റെ കേരളത്തിലെ മുഴുവന്‍ അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടുകളിലും പിലാക്കണ്ടി സ്വദേശിക്ക് സ്വന്തം ഫ്‌ലാറ്റുകള്‍ ഉണ്ട്. ഇയാള്‍ ഫാരിസിന്റെ ബനാമി ആണെന്ന സംശയം അന്വേഷണം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍ പൊക്കാളി പാടങ്ങള്‍ കണ്ടല്‍ക്കാടുകള്‍ ചെമ്മീന്‍കെട്ടുകള്‍ എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍തോതില്‍ പണം ഇറക്കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

റവന്യൂ ഉദ്യോഗസ്ഥരെയും തദ്ദേശസ്ഥാപനങ്ങളെ സ്വാധീനിച്ച് ഇത്തരം ഭൂമികള്‍ കരഭൂമിയായി രേഖയുണ്ടാക്കിയാണ് ഫാരിസ് കെട്ടിടനിര്‍മ്മാതാക്കള്‍ക്ക് മറിച്ചുവിറ്റത്. ആദായനികുതി വകുപ്പിന്റെ ചെന്നൈ കൊച്ചി യൂണിറ്റുകളും ഇ ഡിയുടെ കൊച്ചി കോഴിക്കോട് യൂണിറ്റുകളും ഫാരിസിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഉറവിടം വെളിപ്പെടുത്താത്ത 100 കോടി രൂപ അടുത്തകാലത്ത് ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഐടി വിഭാഗം പരിശോധന തുടങ്ങിയത്. ഹവാല റാക്കറ്റ് വഴി ഈ പണം കൊച്ചിയില്‍ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്ന പാര്‍പ്പിട സമുച്ചയത്തിനുവേണ്ടി എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ ഇവരുടെ ഓഫീസുകളിലും ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ഫാരിസുമായി ബന്ധപ്പെട്ട ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.

തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ മണ്ണന്തലയ്ക്ക് സമീപമുള്ള വീട്ടില്‍ ആദായ നികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും റെയ്ഡ് നടത്തി. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *