ഫാരിസ് അബൂബക്കറിന്റെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്താനുള്ള ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ ഇന്നലെയും തുടര്‍ന്നു

കൊച്ചി: കള്ളപ്പണഇടപാടുമായി ബന്ധപ്പെട്ട് ഫാരിസ് അബൂബക്കറിന്റെ ബിനാമി സ്വത്തുക്കള്‍ കണ്ടെത്താനുള്ള ആദായനികുതി വകുപ്പിന്റെ പരിശോധനകള്‍ ഇന്നലെയും തുടര്‍ന്നു. മധ്യകേരളത്തിലെ രണ്ട് റിസോര്‍ട്ടുകള്‍ അടക്കം 8 ഇടങ്ങളിലായിരുന്നു ഇന്നലെ പരിശോധന. രണ്ടുദിവസത്തിനകം ആദായ നികുതി വകുപ്പിന്റെ ചെന്നൈ യൂണിറ്റില്‍ നേരിട്ട് ഹാജരാകാന്‍ ഫാരീസിനോട് നിര്‍ദ്ദേശിച്ചു.

ഫാരിസ് അബൂബക്കറിന്റെ കൊച്ചി ചിലവന്നൂരില്‍ ചൊവ്വാഴ്ച പരിശോധന നടത്തി മുദ്രവച്ച ഫ്‌ലാറ്റ് ഇന്നലെ വീണ്ടും തുറന്നു പരിശോധിച്ചു. ഇതിനുപുറമേ മധ്യകേരളത്തിലെ രണ്ട് റിസോര്‍ട്ടുകള്‍ അടക്കം 8 ഇട്ടിടങ്ങളില്‍ പരിശോധന തുടര്‍ന്നു. ഫാരിസോ അടുത്ത കേന്ദ്രങ്ങളോ ആദായനികുതി പരിശോധനകളോട് പ്രതികരിച്ചിട്ടില്ല.

സംശയകരമായ ഉറവിടത്തില്‍ നിന്ന് ഫാരിസ് വഴി വന്‍തോതില്‍ കള്ളപ്പണം ഇന്ത്യയിലേക്ക് ഒഴുക്കുന്നതായി ഉള്ള ആദായനികുതി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ ആദായനികുതി യൂണിറ്റിന്റെ നേതൃത്വത്തില്‍ രാജ്യ വ്യാപകമായി 73 ഇടങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പരിശോധനകള്‍ നടക്കുന്നത്. ചിലവിനൂരിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത് ഫാരിസിന്റെ കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ പ്രധാന ഇടനിലക്കാരനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ ഫ്‌ലാറ്റില്‍ നിന്ന് സുപ്രധാന രേഖകള്‍ പരിശോധനയില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *