പ്രൈമിനെതിരെ പരാതിയുമായി ചാള്‍സ് ഷൂമര്‍

പ്രശസ്ത യൂട്യൂബര്‍മാരായ ലോഗന്‍ പോളും കെഎസെഐയും ചേര്‍ന്ന് നിര്‍മ്മിച്ച പാനീയമാണ് പ്രൈം. എനര്‍ജി ഡ്രിംഗായ പ്രൈമിന് ആരാധകരേറെയാണ്. കുട്ടികളാണ് ഇതിലധികവും, ഇപ്പോള്‍ ഈ ഡ്രിങ്കിനെതിരെ അന്വേഷണം നടത്താന്‍ ഫുഡ് ആന്റ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടരിക്കുകയാണ് യു.എസ് സെനറ്റര്‍ ചാള്‍സ് ഷൂമര്‍. കുട്ടികളില്‍ ഈ പാനീയം ഗുരുതര ആരോഗ്യപ്രശ്നങ്ങക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷൂമര്‍ പരാതി നല്‍കിയിരിക്കുന്നത്. 2023 ജനുവരിയില്‍ പുറത്തിറക്കിയ ഈ പാനീയത്തിന് വലിയ ലാഭമാണ് വിപണിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത്. പ്രൈമില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് കഫീന്‍ എന്ന പദാര്‍ത്ഥമാണ്. ഇത് എല്ലാ എനര്‍ജി ഡ്രിങ്കുകളിലും ഉണ്ടെങ്കിലും ഇതിന്റെ അളവ് കൂടിയാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. പലമാതാപിതാക്കളും ജൂസാണെന്ന് കരുതിയാണ് പ്രൈം തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്നത്. ഉത്തേജനത്തിനായി ചേര്‍ക്കുന്ന കഫീന്റെ അളവ് പ്രൈമില്‍ കൂടുതലാണെന്നാണ് ഷൂമറുടെ പരാതിയില്‍ പറയുന്നത്.

പ്രൈമിന്റെ ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഷൂമര്‍ പറഞ്ഞു. ഓരോ പന്ത്രണ്ട് ഔണ്‍സ് പ്രൈമിലുമുള്ളത് 200 മില്ലിഗ്രാം കഫീനാണ്. അതായത് ആറ് കാന്‍ കൊക്കൊകോളയിലും, രണ്ട് കാന്‍ റെഡ് ബുള്ളിലും അടങ്ങിയിരിക്കുന്നത്രയും കഫീന്‍. ഓണ്‍ലൈനായി ഇന്ത്യയിലും ലഭിക്കുന്ന പ്രൈമിന്റെ വില അരലിറ്ററിന് 2500 രൂപയില്‍ അധികമാണ്. സീറോ ഷുഗര്‍, വീഗന്‍ എന്നീ സവിശേഷതകളോടെ വിപണിയിലെത്തിയ പ്രൈം കുടിക്കുക വഴി ദഹന പ്രശ്നങ്ങളും ഉത്കണ്ഠയും തുടങ്ങി ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വരെ കണ്ടുവരുന്നുണ്ടെന്നാണ് ശിശുരോഗവിദഗ്ധര്‍ പറയുന്നത്. ഇവ ചൂണ്ടികാണിച്ചാണ് ആരോഗ്യ വിദഗ്തര്‍ പ്രൈമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരാതികളെത്തുടര്‍ന്ന് യു.കെ.യിലെയും ഓസ്ട്രേലിയയിലെയും സ്‌കൂളുകളില്‍ പ്രൈം വില്‍പന നിരോധിച്ചിരിക്കുകയാണിപ്പോള്‍. വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ പ്രതികരണവുമായി പ്രൈം അധികൃതര്‍ രംഗത്തെത്തി. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതല്ല ഈ ഡ്രിങ്കെന്നും, അവര്‍ക്കായി പ്രൈം ഹൈഡ്രേഷന്‍ എന്ന പേരില്‍ കഫീന്‍ അടങ്ങിയിട്ടില്ലാത്ത മറ്റൊരു ഡ്രിങ്ക് ഉണ്ടെന്നുമാണ് അവരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *