പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടണം; പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിന്?’

കൊച്ചി: കോഴിക്കോട് മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിലെ രാത്രി നിയന്ത്രണത്തിനെതിരെ രൂക്ഷമായ വിമർശനമുയർത്തി കേരള ഹൈക്കോടതി. ഹോസ്റ്റലിൽ പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനെന്നു ചോദിച്ച കോടതി പ്രശ്നക്കാരായ പുരുഷൻമാരെയാണു പൂട്ടിയിടേണ്ടത് എന്നു നിർദേശിച്ചു.

പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനെന്നും പുരുഷൻമാർക്കു കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിച്ചു കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണ്, എത്രകാലം പെൺകുട്ടികളെ പൂട്ടിയിടുമെന്നും കോടതി ചോദിച്ചു.

അതേസമയം മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണു നിയന്ത്രണം എന്നായിരുന്നു സർക്കാരിന്റെ വാദം. നിയന്ത്രണങ്ങൾ ഇല്ലാത്ത ഹോസ്റ്റലുകൾ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയ കോടതി അവിടെയൊന്നും കുട്ടികൾക്കു മാതാപിതാക്കൾ ഇല്ലേ എന്നു ചോദിക്കുകയും ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

വനിതാ ഹോസ്റ്റലിലെ രാത്രി സമയ നിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കൽ കോളജിലെ ഒരു പറ്റം വിദ്യാർഥിനികളാണു ഹൈക്കോടതിയെ സമീപിച്ചത്. നിയന്ത്രണത്തിന്റെ കാരണം വ്യക്തമാക്കാൻ കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി സർക്കാരിനു നിർദേശം നൽകിയിരുന്നു. രാത്രി 9.30നു മുൻപു വിദ്യാർഥിനികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിയന്ത്രണത്തിനെതിരെയാണു ഹർജി. ഇത്തരം നിയന്ത്രണങ്ങൾ പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്നും നിയന്ത്രണങ്ങൾ ആണധികാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു മുമ്പു ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ ക്യാംപസിനുള്ളിൽ പോലും ഇറങ്ങരുത് എന്നുപറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *