പ്രവാസിയുടെ 107 കോടി തട്ടി മരുമകൻ

കൊച്ചി: ആലുവയിലെ പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 107 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഗോവയിലേക്ക് കടന്ന മുഖ്യപ്രതി മുഹമ്മദ് ഹാഫിസിനെ പിടികൂടാൻ നടപടികൾ ഊർജിതമാക്കി. മുഹമ്മദ് ഹാഫിസും സുഹൃത്ത് അക്ഷയ് തോമസ് വൈദ്യൻ എന്നിവർക്കെതിരെ ആലുവ സ്വദേശി അബ്ദുൾ ലാഹിർ ഹസനാണ് പരാതി നൽകിയത്.

അഞ്ച് വർഷം മുൻപാണ് കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഹാഫിസുമായി പ്രവാസി വ്യവസായി അബ്ദുൾ ലാഹിർ ഹസൻറെ മകൾ ഹാജിറയുടെ വിവാഹം. ഇതിന് പിന്നാലെയായിരുന്നു തട്ടിപ്പുകളുടെ ഘോഷയാത്ര. തൻറെ കമ്പനിയിൽ എൻഫോഴ്സ്മെൻറ് റെയ്ഡ് നടന്നുവെന്നും പിഴയടക്കാൻ നാല് കോടി രൂപ വേണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പിൻറെ തുടക്കം. ബാംഗ്ലൂരിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയ ശേഷം വ്യാജരഖകൾ നൽകി രണ്ടാമത്തെ തട്ടിപ്പ്. രാജ്യാന്തര ഫുട്ട് വെയർ ബ്രാൻഡിൻറെ ഷോറൂം തുടങ്ങാനും കിഡ്സ് വെയർ ശൃംഖലയുടെ പേരിലും നൂറ് കോടിയിലേറെ രൂപ തട്ടിയെടുത്തു. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ തട്ടിയത് 35 ലക്ഷം.ഏറെ വൈകിയാണ് മരുമകനും സുഹൃത്ത് അക്ഷയയും ചേർന്ന് വഞ്ചിക്കുകയാണെന്ന് ലാഹിർ ഹസൻ അറിയുന്നത് .

വിവാഹത്തിന് ഹാജിറയ്ക്ക് ലഭിച്ച ആയിരം പവൻ സ്വർണവും വജ്രാഭാരണങ്ങളും ഒന്നരക്കോടി രൂപയുടെ കാറും കോടികളുടെ കെട്ടിടങ്ങളും ഇതിനിടയിൽ തട്ടിയെടുത്തു. തട്ടിപ്പിൻറെ വ്യാപ്തി നൂറ് കോടിയിലേറെയെന്ന് തിരിച്ചറിഞ്ഞതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. വിവിധ ജില്ലകളിൽ മുഹമ്മദ് ഹാഫിസ് വേറെയും തട്ടിപ്പ് നടത്തിയതായി ആലുവ പൊലീസിൻറെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. ഗോവയിലുള്ള ആരോപണ വിധേയർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തട്ടിപ്പിൻറെ കോടി നൂറുകോടിയിലേറെ കടന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *